malappuram local

പെരിന്തല്‍മണ്ണയില്‍ ഒരു വര്‍ഷത്തിനിടെ 15 കോടി നിരോധിത കറന്‍സികള്‍ പിടികൂടി



നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: രാജ്യത്ത് നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം  ഒരു വര്‍ഷത്തിനിടെ 15 കോടി നിരോധിത  കറന്‍സി നോട്ടുകള്‍ പിടികൂടി ജില്ലക്ക് അഭിമാനമായി.   ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ പോലീസ് സംഘമാണ് നിരോധിത നോട്ട്് ഇടപാടുകാരെ പിന്തുടര്‍ന്ന് പിടികൂടിയത്. നിരോധിച്ച നോട്ടുകള്‍ വ്യാപകമായി കണ്ടെത്തിയതോടെ അന്വേഷണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, നോട്ട് നിരോധനത്തിന് ഇന്നേക്ക് ഒരുവര്‍ഷം തികയുമ്പോള്‍ വിവിധ ഇടപാടുകളിലായി 26 പേരുള്‍പ്പെട്ട എട്ടോളം സംഘങ്ങളില്‍ നിന്നായി 15 കോടിയിലധികം രൂപയാണ് പെരിന്തല്‍മണ്ണയില്‍ മാത്രം പിടികൂടിയത്. ഈ കേസുകളിലെല്ലാം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി തുടരന്വേഷണം നടന്നു വരികയാണ്. ഇതിലുള്‍പ്പെട്ട സംഘങ്ങള്‍ക്ക് കുഴല്‍പ്പണ മാഫിയയുമായുള്ള ബന്ധവും മറ്റും പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള  അന്യസംസ്ഥാനത്തും അന്വേഷണം ഊര്‍ജിതമാക്കിയതായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍ അറിയിച്ചു. ഇന്നലെ നഗരത്തില്‍ നിന്ന് 2 കോടി 20 ലക്ഷം രൂപയും  കഴിഞ്ഞ ദിവസം മൂന്നുകോടി 14ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളും പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലേക്ക് വ്യാപകമായി  നിരോധിത നോട്ടുകള്‍ എത്തുന്നുണ്ടെന്ന് ഇവരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അന്യസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചത്.  അതേസമയം, കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500, 1000 നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി കഴിഞ്ഞാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. സഹകരണ ബാങ്കുകളില്‍ ഉണ്ടായിരുന്ന റദ്ദാക്കിയ നോട്ടുകളുടെ ശേഖരം റിസര്‍വ് ബാങ്കില്‍ തിരിച്ചടക്കാനുള്ള അനുമതിയുടെ മറവില്‍ ജില്ലയില്‍ വ്യാപകമായ നിരോധിച്ച നോട്ടുകളുടെ കൈമാറ്റം നടക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതനുസരിച്ച് പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു മൂത്തേടം, എസ്‌ഐ ഖമറുദ്ദീന്‍ വള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it