malappuram local

പെരിന്തല്‍മണ്ണയിലെ ഗതാഗത പരിഷ്‌കരണം പാളിപ്പോയി

പെരിന്തല്‍മണ്ണ:     നഗരത്തിലെ ബസ് സ്‌റ്റോപ്പുകള്‍ പൊളിച്ച അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം കടുത്തു. മഴയും വെയിലുമേറ്റ് പൊതുജനം. ഇതോടെ പെരിന്തല്‍മണ്ണയിലെ ഗതാഗത പരിഷ്‌കാരം പാളി. കഴിഞ്ഞ 20നാണ് കോഴിക്കോട് റോഡിലെ രണ്ടു പ്രധാന ബസ് സ്‌റ്റോപ്പുകള്‍ ഗതാഗത ക്രമീകരണ സമിതി ഒഴിവാക്കിയത്.
തീരുമാനം നടപ്പാക്കാനായി തലേന്നുതന്നെ ബസ് വെയ്റ്റിങ് ഷെഡ്ഡുകള്‍ പൊളിച്ചുനീക്കുകയും ചെയ്തു. എന്നാല്‍, പെരിന്തല്‍മണ്ണയിലെ ഏറെ പ്രധാനപെട്ട ബസ് സ്‌റ്റോപ്പാണ് നഗരസഭാ ഓഫിസ് പരിസരത്ത് ഒഴിവാക്കിയത്. നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെനിന്നു ബസ്സുകളില്‍ കയറുന്നത്.
ഈ രണ്ടു ബസ് സ്‌റ്റോപ്പുകളും ഇല്ലാതാവുന്നതോടെ കോഴിക്കോട് റോഡില്‍ ഒന്നുതന്നെ ബസ് സ്‌റ്റോപ്പുകള്‍ ഇല്ലാതാവും. മാത്രമല്ല, യാത്രക്കാര്‍ക്ക് ബസ് കയറുന്നതിന് പ്രധാന ജങ്ഷനിലെ തിരക്കേറിയ റോഡുകള്‍ മറികടന്ന് ഒരു കിലോമീറ്ററിലേറെ നടക്കേണ്ടി വരും. പരിഷ്‌കരണത്തിനെതിരേ വിവിധ സംഘടനകളും യാത്രക്കാരും വ്യാപാരികളും രംഗത്തെത്തി. ഇതേ തുടര്‍ന്ന് ഒരു ദിവസം മാത്രം നടപ്പാക്കിയ പരിഷ്‌കരണം അധികൃതര്‍ തല്‍ക്കാലം മരവിപ്പിക്കുകയായിരുന്നു. ഒരാഴ്ച യാത്രക്കാരെ ബോധവല്‍ക്കരിക്കുമെന്നും അതിനുശേഷം പരിഷ്‌കരണ നടപടികള്‍ തുടരുമെന്നുമായിരുന്നു അന്ന് അധികൃതരുടെ നിലപാട്. പരിഷ്‌കാരം വീണ്ടും നടപ്പാക്കിയാല്‍ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നിലവിലുള്ള സ്ഥിതി തുടരുന്നത്. ബസ് വെയ്റ്റിങ് ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റിയതിനാല്‍ മഴ കൊണ്ടുവേണം ആളുകള്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍.
Next Story

RELATED STORIES

Share it