malappuram local

പെരിന്തല്‍മണ്ണയിലെ ഗതാഗത ക്രമീകരണംതീരുമാനത്തില്‍ ഉറച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി

പെരിന്തല്‍മണ്ണ: നഗരത്തില്‍ നടപ്പാക്കിയ അവസാനഘട്ട ട്രാഫിക് ക്രമീകരണത്തിനെതിരേ വ്യാപക പ്രതിഷേധമുയരുമ്പോഴും തീരുമാനത്തില്‍ ഉറച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. പ്രതിഷേധം തണുപ്പിക്കാന്‍ ഒരാഴ്ചകൂടി നിര്‍ത്തലാക്കിയ സ്‌റ്റോപ്പുകളില്‍ സര്‍വീസ് അനുവദിക്കും.
ഈ ദിവസങ്ങളില്‍ ആതുരാലയ നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ ക്രമീകരണം സംബന്ധിച്ച സന്ദേശം കൈമാറുകയും ചെയ്യും. തുടര്‍ന്ന് ക്രമേണ സ്റ്റാന്റുകള്‍ എടുത്തുകളയാനാണ് നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായുള്ള ക്രമീകരണ നിയന്ത്രണ സമിതിയുടെ ഇപ്പോഴത്തെ തീരുമാനം. ഒഴിവാക്കിയ രണ്ടു സ്റ്റാന്റുകളിലും ഇന്നലെയും ബസ്സുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കി തന്നെയാണ് സര്‍വീസ് നടത്തിയത്. ഇന്നലെമുതല്‍ ഒഴിവാക്കിയ സ്റ്റാന്റുകളില്‍ ബസ് സര്‍വീസ് അനുവദിക്കില്ലെന്ന് പോലിസ് അറിയിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ തടയലോ മറ്റു നിയമ നടപടികളോ ഒന്നുംതന്നെ ഉണ്ടായില്ല. ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ ഹോംഗാര്‍ഡുകളെയും ഇവിടെ നിയമിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ്  കോഴിക്കോട് റോഡിലെ രണ്ടു സ്‌റ്റോപ്പുകള്‍ ഒഴിവാക്കി നഗരത്തില്‍ പുതിയ പരിഷ്‌കാരം നടപ്പാക്കിയത്.
തുടക്കം മുതലേ ഇതിനെതിരേ പ്രതിഷേധമുയര്‍ന്നെങ്കിലും ഇവയൊന്നും വകവയ്ക്കാതെ ഒറ്റയടിക്ക് സ്‌റ്റോപ്പ് നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭാ പരിസരത്തെ ബസ് വെയ്റ്റിങ് ഷെഡ് അധികൃതര്‍ പൊളിച്ചുമാറ്റുകയും ചെയ്തു. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ ഒറ്റയടിക്ക് സ്‌റ്റോപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്തിരിയാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
അതേസമയം, ഘട്ടംഘട്ടമായുള്ള ക്രമീകരണത്തിലൂടെ നഗരത്തിലെ നിര്‍ജീവമായ രണ്ടു സ്റ്റാന്റുകള്‍ സജീവമാക്കാനാണ് ഭരസമിതി ലക്ഷ്യംവയ്ക്കുന്നത്. ഇതിനായാണ് കൂടുതല്‍ ബസ് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നത്.
നഗരത്തിന്റെ ഭാവി വികസനത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന മൂന്നാം ബസ് സ്റ്റാന്റ് (ജൂബിലി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്) നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ തീര്‍പ്പാക്കാന്‍ നിലവിലുള്ള രണ്ടുസ്റ്റാന്റുകള്‍ സജീവമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ കൂടി ഭാഗമായാണ് ഓരോ ക്രമീകരണവും.
Next Story

RELATED STORIES

Share it