malappuram local

പെരിന്തല്‍മണ്ണയിലെ ഗതാഗത ക്രമീകരണത്തില്‍ പ്രതിഷേധം

പെരിന്തല്‍മണ്ണ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണയില്‍ ഞായറാഴ്ച മുതല്‍ നടപ്പാക്കിയ അഞ്ചംഘട്ട ട്രാഫിക് ക്രമീകരണത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. നഗരത്തിലെത്തുന്ന യാത്രക്കാര്‍ കൂടുതലായും ആശ്രയിച്ചിരുന്ന നഗരസഭാ ഓഫിസിനു മുമ്പിലെ സ്‌റ്റോപ്പ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ബസ് ഉടമകളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ പത്തുമുതല്‍ നിര്‍ത്തലാക്കിയ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്റെ നേതൃത്വത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ പരിസരത്ത് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരെ കയറ്റി. ഉച്ചവരെ പ്രതിഷേധം തുടര്‍ന്നെങ്കിലും പോലിസ് കാഴ്ചക്കാരായി നിന്നു. ഈ സമയം സ്‌റ്റോപ്പ് നിര്‍ത്തലാക്കിയ സംഭവത്തില്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ ഗതാഗത നിയന്ത്രണ സമിതിയുടെ കണ്‍വീനര്‍ കൂടിയായ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ബിനുവിനോട് പരാതി ബോധിപ്പിക്കുന്നുണ്ടായിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കുശേഷവും മിക്ക ബസ്സുകളും നിര്‍ത്തലാക്കിയ സ്‌റ്റോപ്പുകളില്‍ നിന്നു യാത്രക്കാരെ കയറ്റി തന്നെയാണ് ഇന്നലെ സര്‍വീസ് നടത്തിയത്.
പ്രതിഷേധങ്ങളൊക്കൊടുവില്‍ ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭാ പരിസരത്തെ സ്റ്റാന്റ് പുനഃസ്ഥാപിച്ചതായാണ് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞത്. എന്നാല്‍, യാതൊരുകാരണവശാലയും ക്രമീകരണം പിന്‍വലിക്കില്ലെന്നും പുതിയ പരിഷ്‌കാരം യാത്രക്കാര്‍ക്ക് മനസ്സിലാക്കികൊടുക്കുന്നതിനുവേണ്ടി ഒരാഴ്ചയോളം നിര്‍ത്തലാക്കിയ സ്‌റ്റോപ്പുകളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത് തടയില്ലെന്നും നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം പ്രതികരിച്ചു. നഗരത്തിന്റെ ഭാവി വികസനത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന നഗരസഭയ്ക്ക് പിന്നിലുള്ള പുതിയ സ്റ്റാന്റ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഈ ക്രമീകരണം. മൂന്നാം ബസ് സ്റ്റാന്റ് നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ തീര്‍പ്പാക്കാനായി നിലവിലുള്ള രണ്ടു സ്റ്റാന്റുകള്‍ സജീവമാക്കണം. ആയതിന് നഗരത്തിലെ ബസ് സ്‌റ്റോപ്പുകളുടെ എണ്ണം കുറക്കേണ്ടത് അത്യാവശ്യമാണെന്നും എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാവണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it