Idukki

പെരിഞ്ചാംകുട്ടിയില്‍ കുടില്‍ കെട്ടിയത് ഹൈക്കോടതി ഉത്തരവുള്ളതിനാലെന്ന്

മുരിക്കാശ്ശേരി: പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ കുടില്‍ കെട്ടിയത് ഹൈക്കോടതി ഉത്തരവുള്ളതിനാലെന്ന് ആദിവാസികള്‍. കാട്ടാനകളുടെ ആക്രമണത്തില്‍ 17ല്‍ പരം ആദിവാസികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍  ചിന്നക്കനാല്‍ സിങ്കുകണ്ടം കോളനിയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം 2009ല്‍ പെരിഞ്ചാംകുട്ടി വനമേഖലയില്‍ കുടില്‍ കെട്ടി അഭയം പ്രാപിച്ച ആദിവാസികളില്‍ 19 കുടുംബങ്ങള്‍ ഒഴികെയുള്ളവരെ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരുന്നു. നിലനിര്‍ത്തിയിരുന്ന 19 പേര്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് നിലനില്ക്കുന്ന സാഹചര്യമാണ് ഉള്ളത്. അതിനാലാണ്  ആദിവാസികള്‍ പെരിഞ്ചാംകുട്ടി പ്ലാന്റേഷനില്‍ കഴിഞ്ഞ ദിവസം കുടില്‍ കെട്ടിയത്.
ഇവര്‍ പ്ലാസ്റ്റിക് ഷീറ്റുകളും കമ്പുകളും മറ്റും ഉപയോഗിച്ച് താല്‍ക്കാലികമായി ഷെഡ്ഡുകള്‍ നിര്‍മ്മിക്കുകയായിരുന്നു. ഇതാണ് പോലിസ് സഹായത്തോടെ വനപാലകര്‍ നീക്കം ചെയ്തത്. സൂര്യന്‍ ചക്കന്‍, റെജു ജോണ്‍സണ്‍, ബിജു കൃഷ്ണന്‍, ജോര്‍ജ് ഐസക്, ഗോപാലന്‍ നാഗന്‍, സജി കൃഷ്ണന്‍, അഴകന്‍ പൂലന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആദിവാസികളെ അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. അടിമാലി ഡെപ്യൂട്ടി റേഞ്ചോഫിസര്‍ കെ എന്‍ സുരേഷ്, വെള്ളത്തൂവല്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് ശിവലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷെഡ്ഡു നിര്‍മ്മിച്ച ആദിവാസികളെ അറസ്റ്റ് ചെയ്തത്.
നേര്യമംഗലം റേഞ്ച് ഓഫിസര്‍ അരുണ്‍ നായര്‍, മൂന്നാര്‍ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബു  ,ഇടുക്കി തഹസീല്‍ദാര്‍ എസ് ശ്രീജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.അറസ്റ്റു ചെയ്തവരെ കോടതിയില്‍ ഹാജരാക്കണമെന്ന് വനവാസികള്‍  ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it