kannur local

പെരിങ്ങാനം-മുടക്കോഴിമലയില്‍ അനധികൃത ഖനനം വ്യാപകം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തി ല്‍ അനധികൃത കരിങ്കല്‍ ഖനനം വ്യാപകമായിട്ടും റവന്യൂ അധികൃതരും പഞ്ചായത്തും മൗനത്തില്‍. പ്രദേശത്തെ കുന്നുകളില്‍ യന്ത്രവല്‍കൃത ഖനനം തുടങ്ങിയിട്ടു മാസങ്ങളായിട്ടും തടയാന്‍ ഒരു നടപടിയുമില്ല. ഒരുമാസം മുമ്പ് പെരിങ്കാനം മലയില്‍ ആരംഭിച്ച ഖനനം ഇപ്പോള്‍ മുഴക്കുന്ന് പഞ്ചായത്തിന്റെ അതിര്‍ത്തിയായ മുടക്കോഴി മലയിലേക്ക് വ്യാപിച്ചിരിക്കുകയാണ്.  പെരിങ്കാനം മലയിലെ അനധികൃത  ഖനനം മാധ്യമങ്ങളി ല്‍ വാര്‍ത്തയായതോടെയാണ് അധികൃതുടെ മൗനാനുവാദത്തോടെ മുടക്കോഴി മലയിലേക്കു നീങ്ങിയത്. പ്രദേശത്തെ പാറകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചു വെട്ടിനിരപ്പാക്കി കൊടുക്കുന്ന ലോബികളാണു ഇതിനു പിന്നില്‍. നേരത്തെ പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ മലമടക്കുകളിലേക്ക് റോഡ് വെട്ടാന്‍ പാറകള്‍ മാറ്റിക്കൊടുക്കുന്ന പ്രവര്‍ത്തനം നടത്തിയിരുന്നു. തുടര്‍ന്നും റോഡിന്റെ പേരില്‍ വ്യാപകമായ ഖനനമാണ് നടന്നത്. സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ പാറകള്‍ പൂര്‍ണമായും മാറ്റിക്കൊടുക്കാനാണ് കരാര്‍. പാറകള്‍ മാറ്റി സ്ഥലം വൃത്തിയാക്കാമെന്ന പ്രചാരണത്തില്‍ വീഴ്ത്തിയാണു അനുമതി വാങ്ങുന്നത്. പ്രദേശത്തെ ഭൂമിയിലെല്ലാം കൂറ്റന്‍ പാറകളാണ്. ഒരു പാറ പൊട്ടിച്ചാല്‍ തന്നെ നൂറിലധികം ലോഡ് കരിങ്കലുകള്‍ കിട്ടും. കെഎസ്ടിപി റോഡ് നിര്‍മാണം, വിമാനത്താവളം നിര്‍മാണം എന്നീ സ്റ്റിക്കറുകള്‍ പതിച്ചാണ് ലോറികള്‍ കരിങ്കല്ലുമായി പോവുന്നത്. എന്നാല്‍ തില്ലങ്കേരിയില്‍നിന്നു കരിങ്കല്ല് എത്തിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് കെഎസ്ടിപിയുടെ വിശദീകരണം. മേഖലയില്‍നിന്ന്  ഒരുലോഡ് കല്ല് കയറ്റുമ്പോള്‍ പൊട്ടിക്കാന്‍ കരാര്‍ എടുത്തവര്‍ക്ക് നിശ്ചിത വിഹിതവും ഒത്താശ ചെയ്യുന്നവ ര്‍ക്ക് മറ്റൊരു വിഹിതവും ലഭിക്കും. ഇതിന് ഇടനിലക്കാരും മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മുടക്കോഴി -കാവുംപടി റോഡിലെ ജനവാസ മേഖലയില്‍ രണ്ടാഴ്ചയായി ഖനനം നടന്നിട്ടും റവന്യൂ അധികൃതര്‍ അറിഞ്ഞിട്ടില്ലത്രെ. നൂറിലധികം ലോഡ് കല്ലാണ് പൊട്ടിച്ചു കൂട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് പാറ പൊട്ടിക്കുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളാണ് പെരിങ്ങാനം, മുടക്കോഴി പ്രദേശങ്ങള്‍. മലയില്‍ നിന്നുള്ള നീരുറവ പൈപ്പ് വഴി എത്തിച്ചാണ് ഏറെ പേരും ഉപയോഗിക്കുന്നത്. വ്യാപകമായി നടക്കുന്ന ഖനനം പ്രദേശത്തെ നീരുറവകളെ പ്രതികൂലമായി ബാധിക്കും.
Next Story

RELATED STORIES

Share it