kannur local

പെരിങ്ങാനം മലയില്‍ അനധികൃത കരിങ്കല്‍ ഖനനം വ്യാപകം

ഇരിട്ടി: തില്ലങ്കേരിയിലെ പെരിങ്ങാനംമല ഖനന മാഫിയകള്‍ ഇടിച്ചുനിരപ്പാക്കുന്നു. നീരുറവകളുടെ പ്രഭവകേന്ദ്രമായ മലയുടെ നെറുകയില്‍ നിന്നു ദിനംപ്രതി നിരവധി ലോഡ് കരിങ്കല്ലുകളാണ് മലയിറക്കികൊണ്ടുപോവുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ തില്ലങ്കേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം പൈപ്പ് വഴി എത്തുന്നത് പെരിങ്ങാനം മലയില്‍ നിന്നാണ്. എന്നാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം നാള്‍ക്കുനാള്‍ ഇല്ലാതാവുകയാണ്. പഞ്ചായത്തിന്റെയോ ജിയോളജി വകുപ്പിയോ അനുമതി ഖനനം നടത്താന്‍ ഇല്ല.
അതേസമയം, നിയമപരമായ അനുമതിയില്ലെങ്കിലും അധികൃതരുടെ മൗനാനുവാദം ഉണ്ടെന്നാണ് നാട്ടുകാരുടെ പരാതി. മലമടക്കുകളിലേക്ക് റോഡ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞാണ് സ്വകാര്യ വ്യക്തികളില്‍ നിന്നു ഭൂമി വാങ്ങുന്നത്. ഖനനത്തിന് ഭൂഉടമയ്ക്കു പണം ഒന്നുംതന്നെ ലഭിക്കില്ല. കൂറ്റന്‍പാറകള്‍ നീക്കി സ്ഥലം നിരപ്പാക്കിത്തരാമെന്ന വാഗ്ദാനമാണ് ഖനന മാഫിയല്‍ നിന്നു ലഭിക്കുന്നത്. ഒരു മാസത്തോളമായി നടക്കുന്ന ഖനനത്തെ കുറിച്ച് പഞ്ചായത്ത് അധികൃതരും കൈമലര്‍ത്തുകയാണ്.
ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നു പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് മേഖലയിലെ റോഡുകള്‍ക്ക് കല്ലു പാകാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ നടപടിയെടുത്തിരുന്നതായും പറഞ്ഞു. ഇതിന്റെ മറവിലാണ് വന്‍തോതില്‍ പാറകള്‍ പൊട്ടിച്ച് ചീളുകളാക്കി കടത്തുന്നത്. വലിയ പാറകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കിയാണ് ലോറികളില്‍ കടത്തുന്നത്. ഇതിനായി മലയുടെ പലഭാഗങ്ങളിലേക്കും പുതുതായി റോഡുകളും ഉണ്ടാക്കി. പൊട്ടിച്ച പാറകള്‍ മേഖലയിലെ ക്രഷറുകളിലേക്കാണ് എത്തുന്നത്.
കരിങ്കല്‍ ക്വാറികളില്‍ ഖനനത്തിനു നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ക്രഷറുകളിലേക്കുള്ള കല്ലുകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. ഇത് പരിഹരിക്കാനാണ് ഇത്തരത്തിലുള്ള ഖനനം വഴി കല്ലുകള്‍ എത്തിക്കുന്നത്. വീട് നിര്‍മാണത്തിന് സ്ഥലം ഒരുക്കലാണെന്ന വ്യാജേനയും വലിയ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്നു.
മേഖലയില്‍ ആയിരക്കണക്കിന് കൂറ്റന്‍ പാറകളാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. ഒരു പാറ പൊട്ടിച്ചാല്‍ തന്നെ നൂറുകണക്കിന് ലോഡ് കല്ല് ലഭിക്കുമെന്നാണ് സമീപ വാസികള്‍ പറയുന്നത്. ഒരു മാസത്തിനിടയില്‍ മേഖലയില്‍ നിന്നു ഇത്തരത്തിലുള്ള നിരവധി കൂറ്റന്‍ പാറകളാണ് അപ്രത്യക്ഷമായത്. പൊട്ടിച്ച പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നു നീരുവറ പ്രവഹിക്കുകയാണ്. ഖനനം പ്രദേശത്തെ വറ്റാത്ത നീരുറവയെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it