Pathanamthitta local

പെരിങ്ങര ജലവിതരണ പദ്ധതി യാഥാര്‍ഥ്യമാവുന്നു

തിരുവല്ല: സ്വന്തമായി ഗ്രാമീണ മേഖലയില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ജലവിതരണ പദ്ധതി യാഥാര്‍ഥ്യമാവുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ 15 വര്‍ഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന്റെ നേതൃത്യത്തിലുള്ള ഭരണ സമിതി ആവിഷ്‌ക്കരിച്ച കുടിവെള്ള പദ്ധതിയാണ് ഈ മാസം കമ്മീഷന്‍ ചെയ്യാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കാരയ്ക്കല്‍ സ്വാമിപാലത്തിന് സമീപം പദ്ധതിക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നുമാണ് പഞ്ചായത്തിലെ 15 വാര്‍ഡുകളിലേക്കും കുടിവെള്ളം ഇനി വിതരണം നടക്കുക. ഏഴ് ലക്ഷം ലിറ്റര്‍ വെള്ളം സംഭരണശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്കിന്റെ നിര്‍മ്മാണം മൂന്ന് വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ചെങ്കിലും പദ്ധതിയില്‍ മാറ്റം വരുത്തിയതാണ് പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കാലതാമസമുണ്ടാകാന്‍ കാരണമായത്. തിരുവല്ല വാട്ടര്‍ അതോറിറ്റിയുടെ ജല ശുദ്ധീകരണ ശാലയില്‍ നിന്നും നേരിട്ട് സ്വാമിപാലത്തെ ഓവര്‍ ഹെഡ് ടാങ്കില്‍ നേരിട്ട് വെള്ളം എത്തിച്ച് പഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു ആദ്യ പദ്ധതി. ഇതിനായി 78.5 ലക്ഷം രൂപാ ചിലവഴിച്ച് തിരുവല്ലയില്‍ നിന്നും നേരിട്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിനായി പുളിക്കീഴില്‍ ജല ശുചീകരണ പ്ലാന്റിന് പദ്ധതിയിട്ടതോടെ സ്വാമിപാലത്തെ ടാങ്കിലും വെള്ളം പുളിക്കീഴ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും എത്തിക്കാന്‍ തീരുമാനമായി. ഇതോടെ പുളിക്കീഴ് പ്ലാന്റിന്റെ നിര്‍മ്മാണം വരെ കാത്തിരിക്കേണ്ടി വന്നു. ആറ് മാസം മുമ്പ് പുളിക്കീഴിലെ പ്ലാന്റ് പൂര്‍ത്തിയായതോടെ പുളിക്കീഴില്‍ നിന്നും സ്വാമി പാലത്തെ ടാങ്കിലേക്ക് വെള്ളം എത്തിക്കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കാനും തുടങ്ങി. ഈ ജോലികള്‍ മിക്കവാറും പൂര്‍ത്തിയായി വരുന്നു.സ്വാമിപാലത്തെ ജലസംഭരണില്‍ വെള്ളമെത്തിയാലും പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചിട്ടുള്ള ജലവിതരണ പൈപ്പുകള്‍ എത്രമാത്രം പ്രയോജനപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. പദ്ധതി കമ്മീഷന്‍ ചെയ്തു കഴിഞ്ഞാല്‍ കാലപ്പഴക്കം ചെന്ന പൈപ്പുകളിലൂടെയുള്ള ജലവിതരണം എത്രകണ്ട് വിജയകരമാകുമെന്ന് കണ്ടറിയണം. ജില്ലാ പഞ്ചായത്തും, ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ജലവിതരണ പൈപ്പുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it