Flash News

പെന്‍ഷന്‍ വിതരണം റേഷന്‍ കടകള്‍ വഴിയാക്കുന്നു



കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷനുകള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ട്രഷറിയിലും ബാങ്കുകളിലും വയോജനങ്ങള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണു നീക്കം. ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് റേഷന്‍കടകളില്‍ സ്ഥാപിക്കുന്ന ഇ-പോസ് മെഷീനുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യുകയാണു ലക്ഷ്യം. പണം സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. മെഷീനില്‍ നിന്നു പെന്‍ഷന്‍കാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും. കടയിലെത്താന്‍ സാധിക്കാത്തവര്‍ക്ക് ഷാപ്പുടമ മെഷീനുമായി വീട്ടിലെത്തി പണം പിന്‍വലിച്ചു നല്‍കാനും സാധിക്കും. ഓരോ വാര്‍ഡിലെയും പെന്‍ഷന്‍കാരെ റേഷന്‍കടയുമായി ബന്ധപ്പെടുത്തി വിതരണം നടത്തുമെന്നാണു വിവരം. നിലവില്‍ ആന്ധ്ര, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ റേഷന്‍കടകള്‍ വഴിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കരിഞ്ചന്ത തടയാനും വിഹിതങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനാവശ്യമായ ചെലവ് വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ആധാര്‍ കാര്‍ഡും റേഷന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചത് പെന്‍ഷന്‍ വിതരണം എളുപ്പമാക്കും. സംസ്ഥാനത്തെ എല്ലാ പെന്‍ഷനുകളും ഇതുവഴി വിതരണം ചെയ്ത് ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പെന്‍ഷനു പുറമേ വാര്‍ഡിലുള്ളവര്‍ക്ക് എടിഎമ്മില്‍ നിന്നു കിട്ടുന്ന എല്ലാ സൗകര്യങ്ങളും ഇ-പോസ് മെഷീനിലുടെ ലഭ്യമാവും. ഇതുവഴി ബാങ്കുകളിലെയും എടിഎമ്മുകളിലെയും തിരക്ക് കുറയ്ക്കാനാവും. പെന്‍ഷന്‍കാര്‍ ബുദ്ധിമുട്ടി ബാങ്കുകളിലെത്തി പണം വാങ്ങേണ്ട ദുരിതവും ഒഴിവായിക്കിട്ടും. പെന്‍ഷന്‍ വിതരണം ആരംഭിക്കുന്നതോടെ റേഷന്‍കടകളുടെ മുഖച്ഛായ തന്നെ മാറുകയും ചെയ്യും.
Next Story

RELATED STORIES

Share it