Kollam Local

പെന്‍ഷന്‍ നിലച്ചിട്ട് അഞ്ച് മാസം; ജീവിക്കാന്‍ വകയില്ലാതെ കുടുംബം

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ചികില്‍സയ്ക്ക് ഉള്‍പ്പടെ മറ്റുള്ളവരുടെ കനിവ് തേടുകയാണ് അയത്തില്‍ കരുത്തന്‍ വിളയില്‍ സുകുമാരന്‍ ആചാരിയുടെ ഭാര്യ ചന്ദ്രികയും മകള്‍ ധന്യയും. കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കായി വിരമിച്ച സുകുമാരന്‍ ആചാരി 14 വര്‍ഷം മുമ്പ് മരണമടഞ്ഞു. പിന്നീട് ഭാര്യയും മകളുമടങ്ങിയ കുടുംബത്തിന്റെ ഏക വരുമാനം കുടുംബ പെന്‍ഷനായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ചന്ദ്രികയ്ക്ക് പക്ഷാഘാതം ഉണ്ടാവുകയും സംസാര ശേഷിയും ഓര്‍മയും നഷ്ടപ്പെട്ട് കിടപ്പിലാവുകയും ചെയ്തു. മാതാവിന് എപ്പോഴും ഒരാളുടെ പരിചരണം ആവശ്യമായി വന്നതോടെ  അവിവാഹിത കൂടിയായ മകള്‍ ധന്യക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. ധന്യയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന സ്വര്‍ണവും പണവും ഉള്‍പ്പടെ ഇവരുടെ ചികില്‍സയ്ക്കായി ചെലവഴിച്ചു. ഇതിനിടെയാണ് കഴിഞ്ഞ അഞ്ച് മാസമായി കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം നിലച്ചത്. ഇതോടെ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇവര്‍. അയല്‍വാസികള്‍ ഉള്‍പ്പടെയുള്ളവരുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ടുമുറിയുള്ള അടച്ചുറപ്പില്ലാത്ത കൂരയിലാണ് ഇവരുടെ ജീവിതം. കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഗുണഭോക്താവ് ആയതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള മറ്റൊരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. ഇതുമൂലം മുന്‍ഗണനാ പട്ടികയിലുണ്ടായിരുന്ന റേഷന്‍ കാര്‍ഡ് പോലും മുന്‍ഗണനാ ഇതര പട്ടികയിലേക്ക് മാറ്റപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കി സുരഭി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ചന്ദ്രികയേയും ധന്യയേയും സഹായിക്കുന്നതിനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി എസ്ബിഐ കൊല്ലം ബ്രാഞ്ചില്‍ ധന്യയുടെ പേരില്‍ 67253800273(ഐഎഫ്എസ് കോഡ്-എസ്ബി ഐഎന്‍ 0070054) എന്ന അക്കൗണ്ട് ആരംഭിച്ചതായി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ വിഷ്ണുപ്രസാദ്, മംഗളാനന്ദന്‍, കൃഷ്ണന്‍നായര്‍, ശോഭന എന്നിവര്‍ അറിയിച്ചു. ഫോണ്‍-9656007943.
Next Story

RELATED STORIES

Share it