പെന്‍ഷന്‍ കുടിശ്ശിക: ബാങ്കിലൂടെ ചെക്കുകളായി നല്‍കും

തിരുവനന്തപുരം: സമയബന്ധിതമായി പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് ബാങ്കുകള്‍ വഴി ചെക്കുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 32 ലക്ഷം പേരില്‍ 18 ലക്ഷം പേര്‍ക്ക് കൃത്യമായി പെന്‍ഷന്‍ കിട്ടുന്നുണ്ട്. ബാക്കി 14 ലക്ഷം പേര്‍ക്കാണ് മുടങ്ങിയിരിക്കുന്നത്. ഇവര്‍ക്കായി പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ചെക്കുകള്‍ തയ്യാറാക്കി വിതരണം ചെയ്യാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നവംബര്‍ വരെ മൂന്നുമാസത്തെ പെന്‍ഷനാണ് മുടങ്ങിയിരിക്കുന്നത്. ഡിസംബറും കൂടി ഉള്‍പ്പെടുത്തി നാലുമാസത്തെ പെന്‍ഷനായ 540 കോടി രൂപയാണ് വിതരണം ചെയ്യുക. ഇതിനായി ഓരോ ജില്ലകളിലും മന്ത്രിമാരെ ചുമതലപ്പെടുത്തും. മന്ത്രിമാര്‍ ജില്ലയില്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കും. ആ യോഗത്തില്‍ അതാത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് മന്ത്രിമാര്‍ ചെക്കുകള്‍ കൈമാറും. പിറ്റേദിവസം തന്നെ ക്യാഷായി മാറ്റി അവ നല്‍കണമെന്നാണ് നിര്‍ദേശം.
ഏതുദിവസം ചെക്ക് വിതരണം ചെയ്യണമെന്ന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. 14 ലക്ഷം പേര്‍ക്ക് ചെക്കുകള്‍ എപ്പോള്‍ കൊടുക്കാന്‍ കഴിയും എന്നു നോക്കിയാണ് തിയ്യതി തീരുമാനിക്കുന്നത്. ഇത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ ശമ്പളം വാങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെയില്‍ പുതിയ സംരഭങ്ങളും ആലോചിക്കുന്നുണ്ട്. പോസ്റ്റ് ഓഫിസ് അക്കൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് പെന്‍ഷന്‍ വിതരണത്തിന് തടസ്സമുണ്ടാക്കിയത്. 18 ലക്ഷം പേരില്‍ ആയിരത്തോളം പേരുടേത് മാത്രമാണ് ചില സാങ്കേതിക കാരണങ്ങള്‍ മൂലം തിരികെ വന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.
Next Story

RELATED STORIES

Share it