ernakulam local

പെന്‍ഷന്‍, കുടിവെള്ള പ്രശ്‌നങ്ങളില്‍ ബഹളത്തില്‍ മുങ്ങി നഗരസഭ

കൊച്ചി: പെന്‍ഷന്‍, കുടിവെള്ള പ്രശ്‌നങ്ങളില്‍ കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. പെന്‍ഷന്‍ വിതരണത്തിലെ അപാകതകളാണ് കൗണ്‍സിലിനെ ആദ്യം പ്രക്ഷുബ്ദമാക്കിയത്.
പ്രതിപക്ഷനേതാവ് പെന്‍ഷന്‍ ചെക്കുകള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചുവെന്ന കൗണ്‍സിലര്‍ ശ്യാമള പ്രഭുവിന്റെ ആരോപണമാണ് ബഹളത്തിന് വഴിവച്ചത്. ഉദ്യോഗസ്ഥര്‍ നല്‍കേണ്ട ചെക്കുകള്‍ കൗണ്‍സിലര്‍ നല്‍കിയത് എങ്ങനെയെന്ന് അറിയണമെന്നും മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ചെക്ക് എന്തുകൊണ്ട് ലഭിച്ചില്ല എന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍ക്ക് ചെക്ക് നല്‍കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പി എസ് പ്രകാശ് ആവശ്യപ്പെട്ടു. എന്നാല്‍ ചെക്ക് വിതരണത്തിനെത്തിയ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി അവരോടൊപ്പം താന്‍ പോവുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കി. എല്‍ഡിഎഫ് ഭരണകാലത്ത് മുടക്കമില്ലാതെ ലഭിച്ചിരുന്ന പെന്‍ഷന്‍ കുടിശ്ശികയാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും പെന്‍ഷന്‍ വിതരണത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് ഇലക്ഷന്‍ പ്രമാണിച്ചുള്ള പൊറാട്ട് നാടകമാണെന്നും കൗണ്‍സിലര്‍ ചന്ദ്രന്‍ ആരോപിച്ചു. നഗരസഭയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിനായി ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പെന്‍ഷന്‍ വിതരണം നടത്തുന്നതിനുള്ള സംവിധാനം നടപ്പാക്കണമെന്ന് കൗണ്‍സിലര്‍ ശ്യാമള പ്രഭു ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഭരിച്ചിരുന്ന കാലത്ത് 7000 പേര്‍ക്ക് മാത്രം പെന്‍ഷന്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 37,000 പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ടി ജെ വിനോദ് പറഞ്ഞു. നഗരത്തില്‍ കൂടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് കക്ഷിഭേദമന്യെ കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. കുടിവൈള്ള വിഷയത്തില്‍ ജലവിഭവ വകുപ്പ് കടുത്ത അനാസ്ഥയാണ് നടത്തുന്നതെന്ന് കൗണ്‍സിലര്‍ ജോണ്‍സണ്‍ മാഷ് പറഞ്ഞു. ഇടക്കൊച്ചിയിലെ കുടിവള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്നും ഹഡ്‌കോ പദ്ധതിയും ജനറം പദ്ധതിയും പശ്ചിമകൊച്ചിക്ക് യാതൊരുവിധ പ്രയോജനവുമില്ലെന്നും പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ കൂടിവെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാവുകയാണ് ചെയ്തതെന്നും കൗണ്‍സിലര്‍ കെ ജെ ബെയ്‌സി പറഞ്ഞു.
പശ്ചിമ കൊച്ചിയിലെ കുടിവെള്ളപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇത് അനന്തമായി നീട്ടിക്കാണ്ടുപോവാന്‍ കഴിയില്ലെന്നും ടി ജെ വിനോദ് പറഞ്ഞു. നഗരത്തില്‍ പൊടിയും പുകയും വളരെയധികം വര്‍ധിച്ചിരിക്കുകയാണെന്നും വാഹനങ്ങള്‍ പുറംതള്ളുന്ന പുകയുടെ അളവ് വളരെ കൂടുതലാണെന്നും ഇത് പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Next Story

RELATED STORIES

Share it