Kottayam Local

പെന്‍ഷന്‍ അപേക്ഷ : കാലതാമസം ഒഴിവാക്കുമെന്ന് കോട്ടയം നഗരസഭ



കോട്ടയം: പെന്‍ഷന്‍ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ച് അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കുമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സന്റെ ഉറപ്പ്. ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ പെന്‍ഷന് അപേക്ഷിക്കാന്‍ കഴിയാത്ത കിടപ്പുരോഗികളായവരുടെ പ്രശ്‌നത്തിനു പരിഹാരം കാണാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭാ പരിധിയില്‍ പെന്‍ഷന് അപേക്ഷിക്കാന്‍ കഴിയാത്ത കിടപ്പുരോഗികളുടെ വീട്ടില്‍പ്പോയി അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ ആധാര്‍ കാര്‍ഡെടുക്കാന്‍ സൗകര്യമൊരുക്കും. വീടുകളില്‍പ്പോയി ആധാറെടുക്കുന്നതിന് വാഹനച്ചെലവായി 150 രൂപ നഗരസഭ നല്‍കും. ഇത്തരത്തില്‍ ആധാറില്ലാത്തതിന്റെ പേരില്‍ പെന്‍ഷന് അപേക്ഷിക്കാന്‍ കഴിയാത്തവരുടെ പട്ടിക കൗണ്‍സിലര്‍മാര്‍ നല്‍കണമെന്നു നഗരസഭാ സെക്രട്ടറി നിര്‍ദേശിച്ചു. ഒന്നര വര്‍ഷമായി പെന്‍ഷന് അപേക്ഷിച്ചവര്‍ക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നു നിരവധി കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. അപേക്ഷകരെല്ലാം നഗരസഭയുടെ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. പലര്‍ക്കും വെബ്‌സൈറ്റ് വഴി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ കഴിയുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി പെന്‍ഷന്‍ അപേക്ഷ സംബന്ധമായ ഡാറ്റാ എന്‍ട്രി രണ്ടുദിവസത്തിനുള്ളില്‍ പരമാവധി പൂര്‍ത്തിയാക്കുമെന്നും വെബ്‌സൈറ്റിലെ തകരാര്‍ പരിശോധിക്കുമെന്നും സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു. നഗര ശുചീകരണത്തിന്റെ ഭാഗമായി ഉറവിട മാലിന്യസംസ്‌കരണത്തിന് എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കുന്നതിനു ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരികയാണെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. 25 എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. മാലിന്യം കുഴിച്ചിടുകയല്ല, സംസ്‌കരിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആലപ്പുഴയില്‍ റോഡരികില്‍ വരെ വ്യാപകമായി എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം. ആവശ്യമെങ്കില്‍ പോലിസിന്റെ സഹായം തേടും. ബിന്നുകള്‍ വയ്ക്കുന്ന സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it