Idukki local

പെണ്‍കുട്ടിയെ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ന്യൂമാന്‍ കോളജ് കവാടം അടച്ച നടപടി വിവാദമായി; വിദ്യാര്‍ഥികള്‍ ബലപ്രയോഗത്തിലൂടെ തുറന്നു

തൊടുപുഴ: പെണ്‍കുട്ടിയെ വാഹനം ഇടിച്ചതിനെ തുടര്‍ന്നു കോളജ് അധികൃതര്‍ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധമുയര്‍ന്നു. ഇന്നലെ കാംപസിലൂടെയുള്ള വിജ്ഞാനമാതാ പള്ളിയിലേക്കും കോളജിലേക്കും പ്രവേശിക്കുന്ന പ്രധാന കവാടം അടച്ച നിലയിലായിരുന്നു. ഇത് തുറന്നു നല്‍കണമെന്ന വിശ്വാസികളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം കോളജ് അധികൃതര്‍ ചെവിക്കൊണ്ടില്ല.അതിനിടെ വാഹനമിടിപ്പിച്ച സംഭവത്തില്‍ പോലിസിനു പരാതി നല്‍കാതെ കോളജ് പ്രിന്‍സിപ്പല്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുന്നതായും വിമര്‍ശനമുയര്‍ന്നു.
ഭൂമി കൈയേറിയെന്നു പരാതി ഉയര്‍ന്നിട്ടുള്ള പുതിയ വഴി കോളജിന്റെ പ്രധാന പ്രവേശന കവാടമാക്കി മാറ്റാനുള്ള നീക്കമായിരുന്നു വാഹനാപകടത്തിന്റെ മറവില്‍ ഇന്നലെ ന്യൂമാന്‍ അധികൃതര്‍ നടത്തിയത്. കവാടം അടച്ചതിനെതിരെ വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പു നടത്തിയിട്ടും അതു തുറക്കാന്‍ കോളജധികൃതര്‍ മനസ്സ് കാണിച്ചില്ല. തുടര്‍ന്നു വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി പൂട്ടിയ കവാടം തള്ളിത്തുറക്കുകയായിരുന്നു.
വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടിക്കുളം, കരിമണ്ണൂര്‍ തുടങ്ങിയ തൊടുപുഴയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍ ബസിറങ്ങി കോളജിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന കവാടമാണ് കോളജ് അധികൃതര്‍ പൂട്ടിയത്. ഈ ഗേറ്റ് അടച്ചാല്‍ കുട്ടികള്‍ അര കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ച് കോളജ് കാംപസില്‍ എത്തേണ്ടിവരും. നിലവിലുള്ള കവാടത്തിന്റെ വശത്തെ നടപ്പാത ക്ലാസ് തുടങ്ങുമ്പോഴും പിരിയു—മ്പോഴും തുറന്നുവയ്ക്കണമെന്നു പെണ്‍കുട്ടികളടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയുമായി ബന്ധപ്പെട്ട് കാഞ്ഞിരമറ്റം ബൈപാസില്‍ നിന്നും കോളജിലേക്ക് പുതിയ വഴി തുറന്നിരുന്നു. പൊതുവഴി കൈയേറി നടത്തിയ നിര്‍മാണം എന്നതിന്റെ പേരില്‍ നാട്ടുകാര്‍ ഇതിനെ പ്രതിരോധിക്കുകയും നിര്‍മാണം നിര്‍ത്തുകയും ചെയ്തിരുന്നു. ഇതേവഴിയില്‍ ടൈല്‍ പാകുന്നതിനിടെയാണ് പാഞ്ഞുകയറിയ കെഎസ്‌യു നേതാവിന്റെ ഇന്നോവ കാര്‍ വ്യാഴാഴ്ച പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്.
Next Story

RELATED STORIES

Share it