Flash News

പെണ്‍കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമം : ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം - മന്ത്രി



തിരുവനന്തപുരം: പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ അതിക്രമത്തിന് ഇരയാവുന്നതു തടയാന്‍ പഞ്ചായത്തുകളിലെ ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ. ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും വനിതാസംഘടനകളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാസംഘടനകളുടെ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗാര്‍ഹിക പീഡനത്തിനെതിരേ വ്യാപകമായി പ്രചാരണം നടത്തേണ്ടതുണ്ട്. ജാഗ്രതാസമിതികളുടെ ഇടപെടലിലൂടെ ഇത്തരം അക്രമങ്ങള്‍ ഇല്ലാതാക്കാനാവും. നിര്‍ഭയ സമിതികള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാതൃകാ നിര്‍ഭയകേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ ഏറെ മുന്നേറിയ സാഹചര്യമുണ്ടെങ്കിലും തുല്യപദവി ആര്‍ജിക്കാന്‍ ഇനിയും പൂര്‍ണമായി സാധിച്ചിട്ടില്ല. ഒരു മാസത്തിനുള്ളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് പ്രവര്‍ത്തനക്ഷമമാവും. സ്ത്രീശാക്തീകരണത്തില്‍ ഇനിയും ഏറെ മുന്നോട്ടുപോവാനുണ്ട്. സ്ത്രീകളുടെ പൂര്‍ണമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് വനിതാ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സംരംഭകത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യവല്‍ക്കരണം കുടുംബത്തില്‍നിന്ന് ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അന്തസ്സും ജീവിതവും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ഉറപ്പാക്കാന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്. നിയമനിര്‍മാണസഭകളിലും സംഘടനകളിലും സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം ഉറപ്പാക്കാന്‍ വനിതാസംഘടനകള്‍ ശ്രദ്ധിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it