പെണ്‍കരുത്ത് വിളിച്ചോതിഎക്‌സ്പ്രസിയോ 16

മഞ്ചേരി: ബ്രേക്ക് ദ ലിമിറ്റ് എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എക്‌സ്പ്രസിയോ 2016 ഗേള്‍സ് മീറ്റ് പെണ്‍കരുത്ത് വിളിച്ചോതി. രാവിലെ 10ന് തുടങ്ങിയ ഏകദിന ക്യാംപ് വിദ്യാര്‍ഥിനി റാലിയോടെ മഞ്ചേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പെണ്ണിനെ വെറും ഉപഭോഗ വസ്തുവായി കാണുന്ന സമൂഹത്തിന് നേര്‍ക്കുള്ള ചൂണ്ടുവിരലായിരുന്നു വിദ്യാര്‍ഥിനി റാലി. സ്ത്രീ സുരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ സ്വയം സജ്ജരാവണമെന്നും പ്രതിസന്ധികളില്‍ നിലവിളിക്കുന്നതിനു പകരം പ്രതിരോധത്തിന്റെ തീപ്പന്തങ്ങളായി മാറാന്‍ സ്ത്രീകള്‍ക്കു സാധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കാതലുള്ള ധിക്കാരികളാവണം. ജിഷമാരുടെ ചിതയില്‍ നിന്ന് എതിര്‍പ്പിന്റെ ആയിരം വളയിട്ട കരങ്ങള്‍ ഉയര്‍ന്നു വരണം. കണ്ണീരു നിറച്ച കവിതകള്‍ക്ക് പകരം കാട്ടുതീ പോലുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ കാംപസ് ഫ്രണ്ട് മുന്നിട്ടിറങ്ങണമെന്നും അവര്‍ പറഞ്ഞു. അസഹിഷ്ണുതാ കാലത്തെ പെണ്ണിടപെടല്‍ എന്ന വിഷയത്തില്‍ റൈഹാനത്ത് ടീച്ചറും ബ്രേക്ക് ദി ലിമിറ്റ് എന്ന വിഷയത്തില്‍ ആക്‌സസ് ഇന്ത്യ ട്രെയിനര്‍ പി വി മുജീബ് മാസ്റ്ററും ക്ലാസെടുത്തു. ഉദ്ഘാടന ചടങ്ങില്‍ പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സൗദ ഉസ്മാന്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സുനിയ്യ സിറാജ്, കാംപസ് ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി ഷഫീഖ് കല്ലായി, സംസ്ഥാന സമിതിയംഗം ഫര്‍ഹാന സുഹൈല്‍, ജസീലാ മുംതാസ്, ആയിഷാ ഷിറിന്‍, എം ടി സഹ്‌ല സംസാരിച്ചു. റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ഫര്‍ഹാന സുഹൈല്‍, ജസീലാ മുംതാസ്, ആയിഷാ ഷിറിന്‍, എം ടി സഹ്‌ല, ഹുസ്‌ന, ഷാമില നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഫായിസ മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it