പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരേ രാഹുല്‍ ഗാന്ധിയുടെ സൈക്കിള്‍ ചവിട്ടി പ്രതിഷേധം

ബംഗളൂരു: രാജ്യത്ത് അടിക്കടിയുണ്ടാവുന്ന പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരേ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സൈക്കിള്‍ ചവിട്ടി പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് രാഹുല്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ട് മാര്‍ച്ച് നയിച്ചത്.
പ്രവര്‍ത്തകര്‍ കാല്‍നടയായി അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി കാളവണ്ടിയില്‍ നിന്നുകൊണ്ടാണ് രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. മുമ്പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 140 യുഎസ് ഡോളറായിരുന്ന ക്രൂഡ് ഓയിലിന്റെ വില 70 യുഎസ് ഡോളറിലെത്തിയിട്ടും ഇന്ത്യയില്‍ മാത്രം പെട്രോള്‍ വില ഉയരുന്നത് എങ്ങനെയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മോദിയുടെ പണക്കാരായ സുഹൃത്തുക്കളെ സഹായിക്കാനാണ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ജിഎസ്ടി പോലും ഏര്‍പ്പെടുത്താത്തതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
മൂന്നു ദിവസത്തെ ഇലക്ഷന്‍ പ്രചാരണത്തിന് കര്‍ണാടകയിലെത്തിയ രാഹുല്‍ ഗാന്ധി കോലാര്‍, ബംഗളൂരു റൂറല്‍, ചിക്ക്ബല്ലപുര, തുമകുരു, ബംഗളൂരു സിറ്റി എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.
മൊബൈല്‍ ഫോണില്‍ മൂന്നു മോഡുകളാണുള്ളത്. വര്‍ക്ക് മോഡ്, സ്പീക്കര്‍ മോഡ്, എയര്‍പ്ലെയിന്‍ മോഡ്. ഇതില്‍ സ്പീക്കര്‍ മോഡും എയര്‍പ്ലെയിന്‍ മോഡും മാത്രമാണ് നരേന്ദ്രമോദി ഉപയോഗിക്കുന്നത്. വര്‍ക്ക് മോഡ് അദ്ദേഹം ഒരിക്കലും ഉപയോഗിക്കാറില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ പരിധിവിട്ടാല്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും വലിയ വില നല്‍കേണ്ടിവരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Next Story

RELATED STORIES

Share it