പെട്രോള്‍ ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാന്‍ കേന്ദ്രത്തിന് കഴിയുമെന്ന് ചിദംബരം

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.  എന്നാല്‍, സര്‍ക്കാര്‍ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി കൂടിയായ പി ചിദംബരം പറഞ്ഞു. പകരം ഒന്നോ രണ്ടോ രൂപ കുറച്ച് അവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഓരോ ലിറ്ററിന്‍മേലും 25 രൂപ വരെ കേന്ദ്രസര്‍ക്കാരിന് അധികമായി ലഭിക്കുന്നുണ്ട്. ഈ തുക യഥാര്‍ഥത്തില്‍ ഉപഭോക്താവില്‍ നിന്നുള്ളതാണ്. ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്പോഴൊക്കെ 15 രൂപ വരെ ഓരോ ലിറ്റര്‍ പെട്രോളിലും കേന്ദ്രസര്‍ക്കാരിന് ലാഭം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് നല്‍കുന്നതിനു പകരം ഓരോ ലിറ്ററിലും 10 രൂപ അധിക നികുതി കൂടി ഈടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും ചിദംബരം ആരോപിച്ചു.
ക്രൂഡ് ഓയിലിന്റെ വിലയനുസരിച്ച് നിലവില്‍ 15 രൂപ വരെ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രത്തിനു കഴിയും. ഇതിനു പുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാല്‍ 10 രൂപ കൂടി കുറയ്ക്കാം. ഇങ്ങനെ ചെയ്താല്‍ സാധാരണ ഉപഭോക്താവിന് ഒരുപാട് ഗുണം ലഭിക്കും.
പക്ഷേ, ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ധന വിലവര്‍ധന പിടിച്ചുനിര്‍ത്താനുള്ള ഒരു നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നില്ലെന്നതിന് തെളിവാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യാത്തതിലൂടെ പുറത്തായതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it