Pathanamthitta local

പെട്രോള്‍ ബങ്കുകളിലെ കവര്‍ച്ച; സിസി ടിവിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പോലിസിന് ലഭിച്ചു

തിരുവല്ല: തിരുവല്ലയിലെ വിവിധ പെട്രോള്‍ ബങ്കുകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനുളളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പെട്രോള്‍ ബങ്കില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍പതിഞ്ഞ പ്രതിയുടെ ചിത്രം പോലിസിന് ലഭിച്ചു.കഴിഞ്ഞ മാര്‍ച്ച് 26ന് പുലര്‍ച്ചെ രണ്ടിന് ഇടിഞ്ഞില്ലത്ത് എംസി റോഡരുകിലുള്ള പെട്രോള്‍ ബങ്കില്‍ കവര്‍ച്ചാ ശ്രമത്തില്‍ ബങ്കിലെ ഓഫിസിനുള്ളില്‍ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടിരുന്നു.
എന്നാല്‍ ബാഗിനുള്ളില്‍ പണം ഉണ്ടായിരുന്നില്ലെന്ന് ബങ്ക് ഉടമ പറഞ്ഞു. തുടര്‍ന്ന് ഏപ്രില്‍ 26ന് പുലര്‍ച്ചെ നാലിന് ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ടംഗ സംഘം പെരുന്തുരുത്തിയിലെ പെട്രോള്‍ ബങ്കിലെത്തി ഓഫിസിനുള്ളില്‍ പണം സൂക്ഷിച്ചിരുന്ന മേശയ്ക്കുള്ളില്‍ നിന്നു 1,5840 രൂപ കവര്‍ച്ച നടത്തി.
രാത്രിയില്‍ ജീവനക്കാര്‍ ഉറങ്ങുന്ന സമയം ബങ്കിനു സമീപം ഹെല്‍മറ്റ് ധരിച്ച ഒരാള്‍ നടന്നടുക്കുന്ന ചിത്രമാണ് ഇവിടെ സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍ നിന്നു പോലിസിന് ലഭിച്ചത്. അന്വേഷണത്തില്‍ ഇതിന് സമാനമായ സംഭവം ഏപ്രില്‍ 28ന് കുറവിലങ്ങാട് പെട്രോള്‍ ബങ്കിലും മെയ് മൂന്നിന് കായംകുളം ഒന്നാംകുറ്റിയിലുള്ള പമ്പിലും നടന്നതായി പോലിസിന് വിവരം ലഭിച്ചു. കുറവിലങ്ങാട്ട് പമ്പില്‍ നിന്നു 40,000 രൂപാ സൂക്ഷിച്ചിരുന്ന മേശയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. കായംകുളം പമ്പില്‍ നിന്നു 55,000 രൂപയാണ് കവര്‍ച്ച നടത്തിയത്. കുറവിലങ്ങാട്ടു നിന്നു കൊണ്ടുപോയ മേശ രണ്ട് കിലോമീറ്റര്‍ അകലെ റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബൈക്കില്‍ രണ്ടുപേര്‍ കവര്‍ച്ചയ്ക്കായി എത്തുന്നുണ്ടെങ്കിലും ഒരാള്‍ മാത്രമാണ് കവര്‍ച്ച നടത്തുന്നതെന്നും രണ്ടാമന്‍ ബൈക്ക സ്റ്റാര്‍ട്ട് ചെയ്ത് പമ്പിനടുത്ത് നിലയുറപ്പിക്കയാണെന്നും കവര്‍ച്ച നടത്തിയാള്‍ എത്തുന്നതോടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയാണെന്നും തിരുവല്ല എസ്‌ഐ വിനോദ് കൃഷ്ണ പറഞ്ഞു.
Next Story

RELATED STORIES

Share it