Idukki local

പെട്രോള്‍ പമ്പ് ടാങ്കിലെ ചോര്‍ച്ച കാരണം സ്വത്തുവകകള്‍ക്ക് നാശം; 1,50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി

തൊടുപുഴ: മൂലമറ്റം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ റീട്ടെയില്‍ ഔട്ട് ലെറ്റായ ബെസ്റ്റ് ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പിലെ സ്റ്റോറേജ് ടാങ്ക് തുരുമ്പെടുത്ത് തുള വീണ് സമീപ വസ്തുവിലേക്ക് പെട്രോള്‍ ഒലിച്ചിറങ്ങിയതിലുണ്ടായ കഷ്ട നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഉടമസ്ഥരായ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ബാബു പരമേശ്വരനും ഭാര്യ ഗീതയും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കമ്പനിക്കും പമ്പ് ഉടമക്കുമെതിരേ തൊടുപുഴ സബ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സുപ്രധാന കോടതി വിധി.
പെട്രോള്‍ ഒലിച്ചിറങ്ങി വീടിന് ബലക്ഷയമുണ്ടായെന്നും കൃഷിദേഹണ്ഡങ്ങളും ശുദ്ധജലകിണറും നശിച്ചുമെന്നും ആരോപിച്ചാണ് വസ്തു ഉടമസ്ഥര്‍ കേസ് കൊടുത്തത്. നഷ്ടപരിഹാരമായി 1,50,000 രൂപയും ആയതിന് ആറു ശതമാനം പലിശയും കോടതി ചെലവും നല്‍കണമെന്ന് സബ് ജഡ്ജി ടി പി പ്രഭാഷ്‌ലാല്‍ ഉത്തരവിട്ടു.
മണ്ണില്‍ അലക്ഷ്യമായി കുഴിച്ചിട്ട ടാങ്ക് തുരുമ്പെടുത്ത് തുള വീണത് ഓയില്‍ കമ്പനിയുടേയും പമ്പ് ഉടമയയുടേയും വീഴ്ച മൂലമാണെന്നു കോടതി നിരീക്ഷിച്ചു.
തുരുമ്പെടുത്ത് തുള വീണ പെട്രോളിയം സ്റ്റോറേജ് ടാങ്ക് നീക്കം ചെയ്യണമെന്നും പുതിയ കോണ്‍ക്രീറ്റ് ടാങ്കുകള്‍ നിര്‍മിച്ച് അതിനുള്ളില്‍ സുരക്ഷിതമായി ഇന്ധനം സൂക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കമ്പനിക്കും പമ്പ് ഉടമയ്ക്കും കമ്പനി നിര്‍ദേശം നല്‍കി.
വാദികള്‍ക്കു വേണ്ടി അഭിഭാഷകരായ എസ് അശോകന്‍, ഷാജി ജോസഫ്, റെജി ജി നായര്‍, അജു മാത്യു, പ്രസാദ് ജോസഫ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it