Flash News

പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകം : പ്രതികള്‍ കുറ്റക്കാരെന്ന് കോടതി



ചെങ്ങന്നൂര്‍: പെട്രോള്‍ പമ്പുടമയെ ബൈക്കിലെത്തി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര സെഷന്‍സ് കോടതി കണ്ടെത്തി. ഒന്നാംപ്രതി ആലാ പെണ്ണുക്കര വടക്കുംമുറിയില്‍ പൂമലച്ചാല്‍ മഠത്തിലേത്ത് വീട്ടില്‍ ബോഞ്ചോ എന്ന് വിളിക്കുന്ന അനു(26), രണ്ടാംപ്രതി ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാല്‍ കണ്ണുകുഴിച്ചിറ വീട്ടില്‍ രാജീവ് (26) മൂന്നാം പ്രതി ചെറിയനാട് തുരുത്തിമേല്‍ പ്ലാവിള വടക്കേതില്‍ മനോജ് ഭവനത്തില്‍ മനോജ് (ഐസക്-25),എന്നിവര്‍ കൊലപാതക കേസില്‍ കുറ്റക്കാരാണ് എന്നു കണ്ട മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജി അനില്‍കുമാര്‍ വിധി പറയുന്നത് ജൂണ്‍ നാലിലേക്ക് മാറ്റി. ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം പി മുരളീധരന്‍നായ(55)രെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവര്‍. 2016 ഫെബ്രുവരി 18ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജങ്ഷന് സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുളക്കുഴയിലുള്ള പമ്പില്‍ പെട്രോള്‍ അടിക്കാനായി മനോജും അനുവും എത്തുകയും ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ബഹളം കേട്ട് വന്ന മുരളീധരന്‍ നായര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഭീഷണി മുഴക്കിയാണ് പ്രതികള്‍ ഇവിടെനിന്നും പോയത്. പിന്നീട് വൈകീട്ട് 7.30ഓടെ മുരളീധരന്‍നായര്‍ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുമ്പോള്‍ ബൈക്കില്‍ പിന്‍തുടര്‍ന്നുവന്ന രാജീവ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെവച്ച് തടഞ്ഞുനിര്‍ത്തി. തൊട്ടു പിന്നാലെ മനോജും അനുവും ബൈക്കിലെത്തി കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it