ernakulam local

പെട്രോള്‍ പമ്പില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

ആലുവ: കീഴ്മാട് കുരീക്കല്‍ ലിന്റോയെ (28) പെട്രോള്‍ പമ്പില്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ ആലുവ പൊലിസ് ഇന്‍സ്‌പെക്ടര്‍ ടി ബി വിജയനും സംഘവും അറസ്റ്റു ചെയ്തു. കീഴ്മാട് ചുണങ്ങംവേലി മിറ്റപ്പിള്ളി വീട്ടില്‍ എല്‍ബിന്‍ (30), സൗത്ത് വാഴക്കുളം ജോസ് ആന്റണി (32), കുറുപ്പുംപടി മാത്യു ഷിറില്‍ മാത്യു (28), വേങ്ങൂര്‍ തച്ചിലേഴത്ത് വീട്ടില്‍ സുഭാഷ് (29) എന്നിവരാണ് അറസ്റ്റിലായത്.
23—നാണ് ചുണങ്ങംവേലിയിലുള്ള ബോബന്‍ ആന്റ് മോളി പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വന്ന ലിന്റോയെ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള എല്‍ബിന്‍, ബൈജു എന്ന് വിളിക്കുന്ന അയ്യപ്പ ബൈജു, ജോസൂട്ടന്‍ എന്ന് വിളിക്കുന്ന ജോസ് ആന്റണി എന്നിവര്‍ ചേര്‍ന്ന് കവര്‍ച്ച ചെയ്തത്.
ടി പ്രതികളെ ഒളിപ്പിക്കുന്നതിന് സൗകര്യം ചെയ്ത് കൊടുത്തതിനാണ് ഷിറില്‍ മാത്യു, സുഭാഷ് എന്നിവരെ അറസ്റ്റുചെയ്തതെന്ന് പൊലിസ് പറഞ്ഞു.
ഒളിവിലുള്ള കീഴ്മാട് ചുണങ്ങംവേലി കടുവേലി വീട്ടില്‍ അയ്യപ്പ ബൈജു എന്നു വിളിക്കുന്ന ബൈജുവിനെ ഉടനെ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് പറഞ്ഞു.
ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രതികള്‍ ആലുവയിലെ പ്രമുഖ ഗുണ്ടാസംഘത്തില്‍പ്പെട്ടവരും കവര്‍ച്ച, വീടുകയറി ആക്രമണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വൈ ആര്‍ റെസ്റ്റത്തിന്റെ നിര്‍ദേശപ്രകാരം പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ എടത്തല സബ് ഇന്‍സ്‌പെക്ടര്‍ നോബിളും സബ് ഇന്‍സ്‌പെക്ടര്‍മാരായ ഭാസ്‌ക്കരന്‍, കെ പി വിജയന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ടാജ് വര്‍ഗീസ്, സിവില്‍ പൊലിസ് ഓഫിസര്‍ മനോജ്, ജലീല്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it