പെട്രോള്‍ പമ്പിലെ ആക്രമണം: തലക്കടിയേറ്റ ഉടമ മരിച്ചു

ചെങ്ങന്നൂര്‍: പെട്രോള്‍പമ്പിലെ തര്‍ക്കത്തിനിടയില്‍ തലക്കടിയേറ്റു ചികിത്സയിലായിരുന്ന പമ്പുടമ മരിച്ചു. മുളക്കുഴ രേണു ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം പി മുരളീധരന്‍ നായര്‍ (55)ആണ് ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിയേറ്റു വൈക്കം ഇന്ത്യോ-അമേരിക്കന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേ ഇന്നലെ പുലര്‍ച്ചെ 2.30ന് മരിച്ചത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസിലെ ഒന്നും മൂന്നും പ്രതികളായ അനൂപും മനോജും വാഹനവുമായി പമ്പിലെത്തി ക്യൂ നില്‍ക്കാതെ പെട്രോള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് രാജീവിനെ പോലിസ് പിടികൂടിയെങ്കിലും ഒന്നും മൂന്നും പ്രതികള്‍ എറണാകുളം, ബംഗളൂരു എന്നിവിടങ്ങളിലേക്ക് രക്ഷപ്പെട്ടു. പോലിസ് പിന്തുടരുന്നത് മനസ്സിലാക്കി മൂന്നാംപ്രതി മനോജ് മടങ്ങിയെത്തി ശബരിമലക്കാടുകളുടെ ഭാഗമായ ളാഹ വനത്തിനോട് ചേര്‍ന്ന് ഒരു ഷെഡ്ഡില്‍ ഒളിവില്‍ താമസിച്ചു. ഇയാളെ ഇവിടെനിന്നും ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തു.
ഒന്നാംപ്രതി അനൂപിനെ വിടിനുസമീപത്ത്‌നിന്നാണ് പോലിസ് കണ്ടെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. മുരളീധരന്‍ നായരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: ലത. മക്കള്‍: സിദ്ദാര്‍ഥ്, സുരഭി.
Next Story

RELATED STORIES

Share it