Editorial

പെട്രോള്‍-ഡീസല്‍ വില കുറയ്ക്കുകയാണ് വേണ്ടത്

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി എന്ന വ്യാജേന ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഭരണത്തിലേറുമ്പോള്‍ മുന്‍ഗാമികളേക്കാള്‍ ആവേശത്തിലും കാര്‍ക്കശ്യത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ സൂത്രങ്ങളിലൊന്നാണ്. തങ്ങള്‍ അതിനെ നേരത്തേ വിമര്‍ശിച്ചിരുന്നതാണെന്നതോ, അതു ജനങ്ങളെ പ്രയാസപ്പെടുത്തുന്നതാണെന്നതോ ഒരു പ്രശ്‌നമേയല്ല. ഇത്തരം കാപട്യങ്ങളോട് താദാത്മ്യപ്പെടുന്നതിനെയാണ് ഒരര്‍ഥത്തില്‍ നാമിപ്പോള്‍ ജനാധിപത്യബോധമെന്നു വിളിക്കുന്നത്. ഇങ്ങനെയുള്ള നയം സ്വീകരിക്കുന്നതില്‍ ഏതെങ്കിലും മുന്നണിയോ പാര്‍ട്ടിയോ ഒഴിവാണെന്നു പറയാന്‍ കഴിയില്ല. എന്നാല്‍, ഏതൊരു കാര്യത്തിനുമെന്നപോലെ എന്‍ഡിഎ ഇക്കാര്യത്തിലും ഒരുപാട് മുന്നിലാണെന്നു മാത്രം. യുപിഎ ഭരണകാലത്ത് എണ്ണയുടെ വിലയിലുണ്ടായ വര്‍ധന ബിജെപിയുടെ പ്രചാരണ ആയുധമായിരുന്നു. നരേന്ദ്ര മോദി അന്നു നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ ജനങ്ങള്‍ കൗതുകപൂര്‍വമാണ് ഓര്‍ക്കുന്നത്. ആ സമയത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിനു മുകളിലായിരുന്നു. ഇപ്പോള്‍ എന്‍ഡിഎ ഭരണം ഒരു വര്‍ഷം പിന്നിടുന്നതിനിടയില്‍ എണ്ണവിപണിയില്‍ പല മാറ്റങ്ങളുമുണ്ടായി. ലോകവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില തകര്‍ന്നു സര്‍വകാല റെക്കോഡിലേക്ക് നീങ്ങുകയാണ്. നമ്മുടെ അയല്‍പക്ക രാജ്യങ്ങളടക്കം എണ്ണവിലയില്‍ ആനുപാതികമായ മാറ്റങ്ങള്‍ വരുത്തി ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴും, മുമ്പ് ഒഴുക്കിയതൊക്കെ വെറും മുതലക്കണ്ണീരാണെന്നു തെളിയിച്ചുകൊണ്ട് ബിജെപി ഗവണ്‍മെന്റ് ഇന്ത്യയിലെ ന്യായീകരിക്കാനാവാത്ത എണ്ണവില അതേപടി നിലനിര്‍ത്തുക മാത്രമല്ല, പെട്രോള്‍-ഡീസല്‍ തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. അതുവഴി സര്‍ക്കാരിനു 2500 കോടി രൂപയോളം അധികവരുമാനമുണ്ടാവും. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ നാമമാത്രമായ ചില ഇളവുകള്‍ ഇടക്കാലത്തു പ്രഖ്യാപിച്ചതല്ലാതെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുമായി ഒരു നിലയ്ക്കും പൊരുത്തപ്പെടാത്ത ഉയര്‍ന്ന വില അതേപടി ജനങ്ങളുടെ പിരടിയില്‍ വച്ചുകെട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍. ആറു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ധനമന്ത്രി തീരുവ വര്‍ധിപ്പിക്കുന്നത്. ഭരണകൂടങ്ങള്‍ അടിച്ചേല്‍പിക്കുന്ന ജീവിതഭാരങ്ങള്‍ നിശ്ശബ്ദം ചുമലിലേറ്റുന്ന പൊതുമനോഭാവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഈ ജനവിരുദ്ധ നയം എന്‍ഡിഎ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഒരു പൊതുലക്ഷ്യത്തിനു വേണ്ടി ജനങ്ങളെ അണിനിരത്താനും ലക്ഷ്യം നേടും വരെ സമരരംഗത്ത് ഉറച്ചുനില്‍ക്കാനുമുള്ള സന്നദ്ധതയോ പ്രതിബദ്ധതയോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇന്നില്ലെന്ന തിരിച്ചറിവ് ഏതു ജനദ്രോഹ നടപടികളുമായും മുന്നോട്ടുപോവാന്‍ ഭരണകൂടങ്ങള്‍ക്കു കരുത്താകുന്നു. സ്വകാര്യ എണ്ണക്കമ്പനികളുടെയും അകത്തും പുറത്തുമുള്ള മൂലധനശക്തികളുടെയും അരുമസേവകരായ ഭരണാധികാരികള്‍ ജനങ്ങളുടെ നിസ്സഹായതയെ കോര്‍പറേറ്റ് ഇംഗിതങ്ങള്‍ നടപ്പാക്കാനുള്ള അവസരമാക്കുകയാണെന്ന ദുഃഖ സത്യമാണ് ഇത്തരം ഓരോ നീക്കങ്ങളിലൂടെയും വ്യക്തമാ കുന്നത്.
Next Story

RELATED STORIES

Share it