പെട്രോബ്രാസ് അഴിമതി: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല കസ്റ്റഡിയില്‍

ബ്രസീലിയ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോബ്രാസ് എണ്ണക്കമ്പനിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ലുലയുടെ വസതി റെയ്ഡ് ചെയ്ത ഫെഡറല്‍ പോലിസാണ് ചോദ്യം ചെയ്യാനായി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സാവോപോളയ്ക്കു സമീപമുള്ള സാവോ ബെര്‍നാര്‍ഡോ ഡോ ക്യാംപോയിലെ ലുലയുടെ വസതിയില്‍ റെയ്ഡ് നടന്നത്. സാവോപോളയിലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ആസ്ഥാനത്തും റെയ്ഡുണ്ടായി.
ലുല അവിഹിതമായി പണം സമ്പാദിച്ചെന്നതിന് തെളിവുണ്ടെന്ന് പോലിസ് പറഞ്ഞു. 2011ല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞ ലുല ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. പെട്രോബ്രാസിലെ കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവരെ കുറിച്ച് ദീര്‍ഘനാളായി തുടരുന്ന അന്വേഷണം ഓപറേഷന്‍ കാര്‍വാഷ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
റിയോഡി ജനെയ്‌റോ, സാവോ പോളോ, ബഹിയ എന്നിവിടങ്ങളിലായി 33 സെര്‍ച്ച് വാറന്റുകളും 11 കസ്റ്റഡി വാറന്റുകളും പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെട്രോബ്രാസുമായുള്ള കരാറുകളില്‍ അമിത വില ഈടാക്കല്‍, കൈക്കൂലി നല്‍കുന്നതിനായി കമ്പനി പണം ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങളില്‍ നിരവധി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അറസ്റ്റിലാവുകയോ അന്വേഷണം നേരിടുകയോ ചെയ്യുന്നുണ്ട്. വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍നിന്നുള്ള ലുല രണ്ടുതവണ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ ആശ്രിതയായ ദില്‍മ റൗസേഫാണ് പ്രസിഡന്റ്.
രാജ്യം അതിവേഗം സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുമ്പോഴാണ് ലുല ബ്രസീല്‍ പ്രസിഡന്റ് പദവി അലങ്കരിച്ചത്. ദശലക്ഷക്കണക്കിനു പേരെ ദാരിദ്ര്യത്തില്‍നിന്നു കൈപിടിച്ചുയര്‍ത്തിയതിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്.
Next Story

RELATED STORIES

Share it