thrissur local

പെട്ടിക്കടകളും വ്യാപാര കേന്ദ്രങ്ങളും തട്ടിയെടുത്ത് കച്ചവടം ചെയ്യുന്ന മാഫിയ ജില്ലയിലും



തൃശൂര്‍: വികലാംഗര്‍ക്കായി അനുവദിച്ച പെട്ടിക്കടകളും വ്യാപാര കേന്ദ്രങ്ങളും കുറഞ്ഞ തുകയ്ക്ക് തട്ടിയെടുത്ത് കച്ചവടം ചെയ്യുന്ന മാഫിയ ജില്ലയില്‍ സജീവം. വികലാംഗരുടെ പേരില്‍ ലഭിക്കുന്ന അനുകൂല്യം തട്ടിയെടുക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് അധികാരികളുടെ ഒത്താശയോടെയാണെന്നും ആരോപണമുയരുന്നു. വികലാംഗര്‍ക്കുള്ള അനുകൂല്യമായി കൈപറ്റുന്ന തട്ടുകടകള്‍ വ്യാപകമായി കൈമാറ്റം ചെയ്യുകയോ ബിനാമികള്‍ നടത്തുകയോ ചെയ്യുന്നതായാണ് കണ്ടുവരുന്നത്. വ്യാപകമായ ചൂഷണവും അനുകൂല്യങ്ങളുടെ ദുരൂപയോഗവും ഈ മേഖലയില്‍ നടക്കുന്നതായാണ് വിവരം. വികലാംഗര്‍ക്കായി സംവരണം ചെയ്തിട്ടുള്ള പല വ്യാപാര സ്ഥാപനങ്ങളും കടമുറികളും വികലാംഗരുടെ പേരില്‍ ചെറിയ നിരക്കില്‍ വാടകക്കെടുത്ത് കച്ചവടം നടത്തുന്ന മാഫിയകളും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍ ശക്തന്‍ നഗറിലും വടക്കേ സ്റ്റാന്റിലും ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചുമെല്ലാമാണ് ഇത്തരം തട്ടിപ്പരങ്ങേറുന്നത്. ഭരണവര്‍ഗവും ഉദ്യോഗസ്ഥരുമായുള്ള കൂട്ടുകച്ചവടമാണ് ഇത്തരം നടപടികള്‍ക്കു പിന്നിലെന്നും അനുകൂല്യങ്ങള്‍ ദുരൂപയോഗം ചെയ്യുന്നവരെ തിരുത്താനാവശ്യമായ ഇടപെടല്‍ നടത്തുമെന്നും വികലാംഗ ക്ഷേമ സംഘടന ഭാരവാഹിയായ കാദര്‍ നാട്ടിക പറഞ്ഞു. വികലാംഗരായവര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ബാങ്കുകളോ സംഘടനകളോ സ്‌പോണ്‍സര്‍ ചെയ്തു നല്‍കി പെട്ടിക്കടകളും വ്യാപാര കേന്ദ്രങ്ങളും കുറഞ്ഞ തുകയ്ക്ക് കൈവശപ്പെടുത്തി കച്ചവടം ചെയ്യുന്ന സംഘങ്ങളാണ് ജില്ലയില്‍ സജീവമായിട്ടുള്ളത്. പലയിടങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ ഫുട്പാത്തുകള്‍ കയ്യേറിയും തടസപ്പെടുത്തിയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയും നിലനില്‍ക്കുന്നു. കാല്‍നടയാത്രികര്‍ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫുട്പാത്തുകള്‍ തടസപ്പെടുത്തും വിധത്തില്‍ പല തട്ടുകടകളും നിലകൊള്ളുന്നത്. ഈ മേഖലയിലെ ചൂഷണങ്ങളില്‍ നിന്നും ഒഴിവാകാന്‍ ബോധവല്‍ക്കരണവും ജാഗ്രതയും പുലര്‍ത്താനും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ലഭ്യമാകുന്ന സ്വയം തൊഴില്‍ പദ്ധതിയുടെ അനുകൂല്യം ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനപ്പെടുത്താനുമായി പ്രചാരണ പരിപാടി നടത്താനും ഒരുങ്ങുകയാണ് വികലാം ക്ഷേമ സംഘടന.
Next Story

RELATED STORIES

Share it