Flash News

പൂവരണി പീഡനക്കേസ്: ലിസിക്ക് 25 വര്‍ഷം കഠിനതടവ്

പൂവരണി പീഡനക്കേസ്: ലിസിക്ക് 25 വര്‍ഷം കഠിനതടവ്
X
poovarani

കോട്ടയം: വിവാദമായ പൂവരണി പീഡനക്കേസിലെ മുഖ്യപ്രതി ലിസിക്ക് 25 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതി  7 വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയാവും. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് അറ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നാല്, ആറ് പ്രതികള്‍ക്ക് നാല് വര്‍ഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവല്ല പ്രാവിന്‍കൂട് സ്വദേശിനിയായ ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്ന മിനി, കൊല്ലം സ്വദേശി സതീഷ്‌കുമാര്‍,തൃശൂര്‍ സ്വദേശി രാജി എന്നിവരാണ് മറ്റ് പ്രതികള്‍.
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്  ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവല്‍, വില്‍പന നടത്തല്‍, മാനഭംഗം, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.  കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ അഞ്ചുപേരെ കോടതി ഇന്നലെ വെറുതെവിട്ടിരുന്നു.

പാലാ സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. 2008 മേയ് 27നാണ് ബന്ധുവായ സ്ത്രീ തന്റെ മകളെ പലര്‍ക്കും കാഴ്ചവച്ചതായി പൂവരണി സ്വദേശിനി പരാതി നല്‍കിയത്.

ഏറെ വിവാദമായ പീഡനക്കേസില്‍ മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്.
2014 ഏപ്രില്‍ മാസം 29ന് തുടങ്ങിയ വിചാരണ രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. കേസില്‍ 12 പ്രതികളായിരുന്നു. വിചാരണ നടക്കുന്നതിനിടെ 10ാം പ്രതി ആത്മഹത്യചെയ്തു. ചങ്ങനാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി ബിജോയ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

കന്യാകുമാരി, എറണാകുളം, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
തീക്കോയ്, പൂഞ്ഞാര്‍, തിരുവനന്തപുരം, തൃശൂര്‍, പായിപ്പാട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, രാമപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കേസിലെ പ്രതികള്‍.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഗോപാലകൃഷ്ണനും പ്രതികള്‍ക്കുവേണ്ടി സുരേഷ് ബാബു തോമസ്, ബോബന്‍ ടി തെക്കേല്‍, സി എസ് അജയന്‍, റോയി ജോസ്, രാജു എബ്രഹാം, സുരേഷ് പഴയിടം എന്നിവരും ഹാജരായി.

[related]
Next Story

RELATED STORIES

Share it