kozhikode local

പൂഴിത്തോട്- പടിഞ്ഞാറത്തറ ബദല്‍പാത: കേന്ദ്രം ഇടപെടണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാവുന്ന കേടുപാടുകളും വര്‍ഷക്കാലത്തു അഭിമുഖീകരിക്കുന്ന പ്രവചനാതീതമായ പ്രയാസങ്ങളും മറികടക്കാന്‍ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പാത യാഥാര്‍ഥ്യമാക്കുന്നതിനു കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴില്‍ എക്—സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ.ഹര്‍ഷവര്‍ധന് കത്തയച്ചു.
43.975 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബദല്‍ റോഡ് കോഴിക്കോട് നിന്ന് പുതിയങ്ങാടി, ഉള്ളിയേരി, കടിയങ്ങാട്, പെരുവണ്ണാമൂഴി, പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റയില്‍ അവസാനിക്കും. ഇതില്‍ കടിയങ്ങാട് മുതല്‍ പൂഴിത്തോട് വരെയുള്ള 16.75 കിലോമീറ്റര്‍ ദൂരം ഗതാഗതയോഗ്യമാണ്. പൂഴിത്തോട് മുതല്‍ പടിഞ്ഞാറെത്തറ വരെയുള്ള 27.225 കിലോമീറ്റര്‍ ദൂരമാണ് ഗതാതഗത സൗകര്യത്തിനായി വികസിപ്പിക്കേണ്ടത്. ഇതില്‍ 16.79 കിലോമീറ്റര്‍ ദൂരമാണ് വനമേഖലയിലൂടെ കടന്നുപോകുന്നത്.
ബദല്‍പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 23.50 ഹെക്ടര്‍ വനഭൂമി ഉപയോഗപ്പെടുത്തേണ്ടി വരും. ഇതിനുള്ള അനുമതിയാണ് കേന്ദ്രം തരേണ്ടത്. പ്രസ്തുത റോഡ് ബദല്‍പാതയായി അംഗീകരിച്ചു നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 1994-ല്‍ തുടങ്ങിയിരുന്നു.
എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മുടങ്ങി കിടക്കുകയായിരുന്നു. ഇത് അടിയന്തരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it