malappuram local

പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഇല്ലാത്തത് ദോഷകരമായി ബാധിച്ചു: മന്ത്രി കെ ടി ജലീല്‍

തേഞ്ഞിപ്പലം: പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഇടക്കാലത്ത് നിന്നു പോയത് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അക്കാദമിക കാര്യങ്ങളില്‍ ആരും ശ്രദ്ധിക്കാതെ പിന്തള്ളപ്പെടാന്‍ കാരണമായതായി മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.  ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് സ്‌കൂളിലെ സമ്പൂര്‍ണ പൂര്‍വ വിദ്യാര്‍ഥി സംഗമമായ മിത്രോല്‍സവം 2018 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എയ്ഡഡ് സ്‌കൂളുകളില്‍ എല്ലാം ചെയ്യേണ്ടത് മാനേജര്‍ ആണെന്ന ധാരണ പരന്നതോടെ പുറമെ നിന്നുള്ള ആളുകളുടെ ഇടപെടല്‍ കുറഞ്ഞു. ഇത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപചയത്തിന് കളമൊരുക്കി. അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഒഴുകിയത് അത്തരമൊരു പശ്ചാത്തലത്തില്‍ ആണ്. വിദ്യാര്‍ഥികള്‍ ഇല്ലാതെ തസ്തിക നഷ്ടപ്പെടുകയും വിദൂര ദിക്കുകളിലേക്ക് സ്ഥലമാറ്റം ചെയ്യപ്പെടുകയും ആയപ്പോള്‍ മാത്രമാണ് അധ്യാപകര്‍ ശക്തമായി ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു. പി അബ്ദുല്‍ ഹമീദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സ്‌കൂളിലെ ആദ്യ ബാച്ചില്‍ പഠിച്ച വിദ്യാര്‍ഥികള്‍, പൂര്‍വ അധ്യാപകര്‍, ഈ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപിക നഫീസ എന്നിവരെ  ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്, വാര്‍ഡ് മെംബര്‍ എം ബേബി,സി പി ഷബീറലി, മാനേജര്‍ എം നാരായണന്‍, പ്രിന്‍സിപ്പല്‍ കെ സദാനന്ദന്‍, കെ മുഹമ്മദ് ഇസ്മായില്‍,കെ പി ദേവദാസ്, പ്രധാന അധ്യാപിക ആര്‍ പി ബിന്ദു, എം ഫൈസല്‍ സംസാരിച്ചു. 1976 മുതല്‍ 2017 വരെ പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ഥികളാണ് വീണ്ടും ഒത്തുകൂടിയത്. ഏവരെയും പങ്കെടിപ്പിച്ചു നടത്തിയ അസംബ്ലിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ സി കെ വേലായുധന്‍ പതാക ഉയര്‍ത്തി.
Next Story

RELATED STORIES

Share it