thrissur local

പൂരപ്രേമികളുടെ ഹൃദയം കവര്‍ന്ന് ഘടകപൂരങ്ങള്‍

തൃശൂര്‍: വാദ്യഘോഷങ്ങളും ദൃശ്യവിസ്മയങ്ങളുമായി പൂരപ്രേമികളുടെ ഹൃദയം കവര്‍ന്ന് ഘടക പൂരങ്ങള്‍ വടക്കുംനാഥനെ പ്രണമിക്കാനെത്തി. രാജവീഥികളില്‍ ആസ്വാദനത്തിന്റെ അനുഭൂതി വര്‍ഷിച്ച ഘടക ക്ഷേത്രങ്ങളുടെ പകല്‍പൂരത്തില്‍ ആവേശം അലതല്ലി.
വാദ്യമേളപ്പെരുമഴയും, നിറപൊലിമയും, ചാരുതപകര്‍ന്ന മാസ്മര കാഴ്ച്ചകളുമൊരുക്കി ഘടകപൂരങ്ങള്‍ വടക്കുംനാഥനിലേയ്ക്ക് എഴുന്നള്ളിയെത്തിയപ്പോള്‍ മേടചൂടിനെ വകവയ്ക്കാതെ പൂരച്ചൂടിലലിഞ്ഞ് തൃശിവപുരിയിലേക്ക് കടലിരമ്പം പോലെ ജനസാഗരം ഒഴുകിയെത്തി. പിന്നെ ആവേശക്കടലായ മഹാപൂരത്തിന്റെ ചെറുപൂരപുഴയിലമര്‍ന്ന് ആസ്വാദനത്തിന്റെ രസാനുഭൂതി മതിമറന്ന് നുകരുകയായിരുന്നു എവരും. പൂരാസ്വാദകരെ മേളപ്പാല്‍ക്കടലില്‍ ആറാടിച്ച പാണ്ടിമേളത്തിന്റെയും നാദപഞ്ചാമൃതം പൊഴിച്ച പഞ്ചവാദ്യത്തിന്റെയും താളമേളപ്പെരുക്കങ്ങള്‍ക്കൊപ്പം ഗജവീരപ്പെരുമയില്‍ എഴുന്നള്ളിയ ഘടകപൂരങ്ങളുടെ വരവോടെയാണ് പൂരങ്ങളുടെ പൂരമെന്ന മഹാപൂരത്തിന് ആവേശത്തുടക്കമായത്.
ദേവോത്സവത്തിലേയ്ക്ക് വര്‍ണക്കാഴ്ചകളും മേളവും ആരവങ്ങളുമായി ദേശകൂട്ടായ്മയോടെ ദേശദൈവങ്ങള്‍ എത്തിയതോടെ പിന്നീട് കാഴ്ചയുടേയും, കേള്‍വിയുടേയും വര്‍ണ്ണനാതീതമായ സുന്ദരമുഹൂര്‍ത്തങ്ങളായിരുന്നു. പൂരദിവസം പുലര്‍കാലരാവില്‍ വടക്കുന്നാഥനില്‍ കതിന വെടി മുഴങ്ങിയതോടെയാണ് മണ്ണിലെയും വിണ്ണിലെയും വിസ്മയ മഹാപൂരം പുലര്‍ന്നത്. വടക്കുന്നാഥന് കണി എന്ന പോലെ കണിമംഗലം ശാസ്താവ് ആദ്യം എത്തിയതോടെ പൂരനഗരി അക്ഷരാര്‍ത്ഥത്തില്‍ പൂരത്തിന്റെ മതിവരാകാഴ്ച്ചകള്‍ക്കായി ഉണരുകയായിരുന്നു.
തെക്കേ ഗോപുരനട വഴി അകത്തുകടന്ന് ശാസ്താവ് വടക്കുംനാഥന്റെ ശ്രീമൂല സ്ഥാനത്ത് എത്തിയതോടെ പൂരനഗരി താള വര്‍ണ്ണ വിസ്മയങ്ങളുടെ നിറക്കൂട്ടായി മാറിയെന്ന് മാത്രമല്ല, നാദധാര ആര്‍ത്തുപെയ്യാനും തുടങ്ങി. പൂരനഗരിയെ വര്‍ണ്ണകുട ചൂടിച്ച് തൃശ്ശൂര്‍ പൂരം പൂത്തുലയാന്‍ തുടങ്ങിയ കാഴ്ച്ചയായിരുന്നുപിന്നീട് ദൃശ്യമായത്. തൊട്ടുപിന്നാലെ പനമുക്കുംപിള്ളി ശാസ്താവും ചെമ്പൂക്കാവ്, പൂക്കാട്ടിക്കരകാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ,് അയ്യന്തോള്‍, നൈതലക്കാവ് എന്നീ ഭഗവതിമാരും കൊടുംചൂടിനെ കുളിരണിയിച്ചുകൊണ്ട് മേളകൊടുംകാറ്റ് വര്‍ഷിച്ചും പൂരലഹരിയിലമരാനെത്തിയവരില്‍ അനുഭൂതി സമ്മാനിച്ചും വടക്കുംന്നാഥനെ വണങ്ങാനെത്തി.
പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിനും, തിരുവമ്പാടിയുടെ മഠത്തില്‍ വരവിനുമൊപ്പം കിടപിടിക്കുന്ന തരത്തില്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥനു മുന്നില്‍ പകലിനെ മേളപ്പാല്‍കടലാക്കി നാദപ്രപഞ്ചം തീര്‍ത്ത് ആവേശപ്പെരുക്കം തീര്‍ത്തപ്പോള്‍ ശക്തന്റെ തട്ടകത്തില്‍ പൂരാവേശം സീമകള്‍ ലംഘിച്ച് അല്ലതല്ലി. 8 ഘടകപൂരങ്ങളിലും അണിനിരന്നത് തലയെടുപ്പും ലക്ഷണവുമൊത്ത കരിവീര കേസരികളായിരുന്നു. 3 മുതല്‍ 14 വരെയുള്ള ആനകളുടെ അകമ്പടിയോടെയാണ് ദേശദൈവങ്ങളുടെ പൂരം വടക്കുന്നാഥന്റെ മണ്ണില്‍ നയനാനന്ദക്കാഴച്ചയൊരുക്കിയത്. ഘടകപൂരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആനകളെ അണിനിരത്തിയത് ചൂരക്കോട്ട്കാവ് ഭഗവതിയുടെ പൂരമായിരുന്നു14 ആനകള്‍.
പാണ്ടിമേളവും പഞ്ചവാദ്യവുമായി മറ്റെല്ലാ പൂരങ്ങളും മേളഗോപുരം കെട്ടിപടുത്തപ്പോള്‍ പഞ്ചാരിമേളത്തിന്റെ പാല്‍കടല്‍ പൊഴിച്ച് ചെമ്പൂക്കാവ് ഭഗവതിയുടെ പൂരം നാദനിറ സമന്വിതമായ ലഹരി പടര്‍ത്തി. പൊന്‍പട്ടമേന്തിയ ഗജവീരന്റെ പുറത്ത് ആലവട്ടചാമരങ്ങളുടെയും മുത്തുകുടകളുടെയും ഏഴഴകോടെ എഴുന്നള്ളിയ നൈതലക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പോടെ ഘടകപൂരങ്ങളുടെ പകല്‍പൂരത്തിന് പരിസമാപ്തിയായി.
Next Story

RELATED STORIES

Share it