thrissur local

പൂരത്തിനിടെ തര്‍ക്കം: പോലിസ് ലാത്തി വീശി; കൂട്ടിയെഴുന്നെള്ളിപ്പ് മുടങ്ങി

കുന്നംകുളം: കാട്ടകാമ്പാല്‍ ഭഗവതിക്ഷേത്രത്തില്‍ പുലര്‍ച്ച പൂരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൂട്ടിഎഴുന്നെള്ളിപ്പ് മുടങ്ങി. പ്രാദേശിക പൂരകമ്മറ്റികളും പോലിസും തമ്മിലാണ് വാക്കുതര്‍ക്കം നടന്നത്. പോലിസ് മൂന്ന് തവണ ലാത്തിചാര്‍ജ്ജ് നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത പൂരോഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടകാമ്പാലില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. പോലിസിന്റെ ഇടപെടലില്‍ വ്യാപക പ്രതിഷേധം. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.
കാട്ടകാമ്പാല്‍ ഭഗവതിക്ഷേത്രോല്‍സവം തര്‍ക്കങ്ങളില്ലാതെ നടത്തുന്നതിനായി ദേവസ്വം കമ്മിറ്റി പോലിസിനെ ചുമതലപ്പെടുത്തിയിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പകല്‍പൂരത്തിനിടയിലും പോലിസിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുലര്‍ച്ചെ എത്തുന്ന പൂരങ്ങള്‍ 5ന് ക്ഷേത്രത്തിലെത്തണമെന്നാണ് പറയാറുള്ളതെങ്കിലും സാധാരണ ഗതിയില്‍ 5നും 6 നും ഇടയ്ക്കായാണ് ക്ഷേത്രത്തിലെത്തി ആനകള്‍ കൂട്ടിഎഴുന്നെള്ളിപ്പില്‍ പങ്കെടുക്കാറ്. ഇത് കഴിഞ്ഞാണ് കാളി ദാരിക പ്രവേശനം, എന്നാല്‍ രാവിലെ 5ഓടെ ക്ഷേത്രാങ്കണത്തിലെത്തിയ ചെറുപൂരങ്ങളെ സമയം കഴിഞ്ഞതായി പറഞ്ഞ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാതെ പോലിസ് ക്ഷേത്രത്തിന്റെ ഗെയിറ്റ് അടച്ചിട്ടതായാണ് പറയുന്നത്. ഇതോടെ പ്രാദേശിക പൂര കമ്മിറ്റികളും പോലിസും തമ്മില്‍ തര്‍ക്കത്തിലായി. ഇതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി ആരോപിച്ച് ഫര്‍ഹാന്‍ എന്നയുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തതോടെ ബഹളം രൂക്ഷമായി. ഇതിനിടയിലാണ് ലാത്തി ചാര്‍ജ്ജുണ്ടായത്.
ബഹളം രൂക്ഷമാകുകയും ആക്രമണം ഉണ്ടാകുകയുംചെയ്ത സാഹചര്യത്തില്‍ കമ്മറ്റികള്‍ കൂട്ടി എഴുന്നെള്ളിപ്പില്‍ പങ്കെടുക്കാതെ തിരിച്ചുപോയി. തുടര്‍ന്ന് ദേവസ്വം ആനയെ മാത്രം നിര്‍ത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പൂരം അലങ്കോലപെടുത്തുകയും അനാവശ്യമായി ആക്രമണം നടത്തുകയും ചെയ്തപോലിസ് നടപടിയിലും ക്ഷേത്രസമതി ഭാരവാഹികളുടെ അന്യായമായ പ്രവര്‍ത്തനത്തിലും പ്രതിഷേധിച്ചാണ് സംയുക്ത പൂരകമ്മിറ്റികളുടെ നേതൃത്വത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ 9 ഓടെ ക്ഷേത്ര ഭരണസമതിയും പൂര കമ്മിറ്റികളും തമ്മില്‍ ചര്‍ച്ചനടത്താന്‍ തീരുമാനിക്കുകയും ചര്‍ച്ചക്കെത്തിയ കമ്മിറ്റി ഭാരവാഹികളെ മുഴുവന്‍ ഓഫിസിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പോലിസ് നിലപാടെടുത്തതോടെ വീണ്ടും തര്‍ക്കമായി. പോലിസും പ്രാദേശിക പൂരകമ്മറ്റി ഭാരവാഹികളും തമ്മില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ പോലിസ് വീണ്ടും ലാത്തിവീശി. ഇതില്‍ ചിലര്‍ക്ക് പരിക്കേറ്റതായണ് പറയുന്നത്. ഇതോടെ ചര്‍ച്ച വേണ്ടെന്ന് വച്ച് ഭാരവാഹികള്‍ പിരിഞ്ഞു പോയി.
കുന്നംകുളം എസ്‌ഐ ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ക്ഷേത്രത്തില്‍ അനാവശ്യമായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പൂരകമ്മിറ്റി ഭാരവാഹികളുടെ ആരോപണം. എന്നാല്‍ ക്ഷേത്രാങ്കണത്തില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആളെ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമായരുന്നുവെന്നും ക്ഷേത്രാചരങ്ങളോ, പൂരാഘാഷമോ പോലിസ് തടസ്സപെടുത്തിയിട്ടില്ലെന്നാണ് പോലിസിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it