Flash News

പൂരങ്ങളുടെ പൂരത്തിന് പരിസമാപ്തി

കെ  സനൂപ്
തൃശൂര്‍: ഒരുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം എത്തിയ പൂരം ആവോളം ആസ്വദിച്ച് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥന്റെ മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. ഉച്ചയ്ക്ക് ഒന്നിനാണ് ഭഗവതിമാര്‍ മുഖാമുഖം നിന്ന് അടുത്ത വര്‍ഷം കാണാമെന്നറിയിച്ചു മടങ്ങിയത്. അടുത്ത വര്‍ഷത്തെ പൂരം 2019 മെയ് 13നാണ്.
ഉപചാരം ചൊല്ലി പിരിഞ്ഞിട്ടും പൂരപ്രേമികള്‍ക്ക് പൂരപ്പറമ്പ് വിടാന്‍ മടിയായിരുന്നു. ലോകത്ത് ഒരിടത്തു നിന്നും ലഭിക്കാത്ത കാഴ്ചകളും അനുഭവങ്ങളും അവസാനിച്ചല്ലോ എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ തയ്യാറാവാത്തതുപോലെ. തിരുവമ്പാടി ചന്ദ്രശേഖരന്റെ മുകളിലിരുന്നാണ് തിരുവമ്പാടി ഭഗവതി ഉപചാരം ചൊല്ലാനെത്തിയത്. പാറമേക്കാവിന്റെ രാജേന്ദ്രനാണ് ഇത്തവണ തിടമ്പേറ്റി ഉപചാരം ചൊല്ലാനെത്തിയത്.
പുലര്‍ച്ചെ വെടിക്കെട്ടിനു ശേഷം മണികണ്ഠനാല്‍ പന്തലില്‍നിന്ന് ക്ഷേത്രത്തിലേക്കു തിരിച്ചുപോയ പാറമേക്കാവ് ഭഗവതിയും നായ്ക്കനാലില്‍ നിന്നു മടങ്ങിയ തിരുവമ്പാടി ഭഗവതിയും ഇന്നലെ രാവിലെ തിരിച്ചെത്തിയതോടെയാണ് പകല്‍പ്പൂരത്തിനു തുടക്കമായത്. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും എഴുന്നള്ളിപ്പുകള്‍ രാവിലെ എട്ടരയോടെ ആരംഭിച്ചു. എഴുന്നള്ളിപ്പ് വടക്കുംനാഥനു മുന്നില്‍ സമാപിച്ചു. ഭഗവതിമാരുടെ കോലമേന്തിയ ഗജരാജാക്കന്‍മാര്‍ തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു.
ഇത്തവണ പകല്‍പ്പൂരത്തിന് പതിവില്‍ കവിഞ്ഞ ജനക്കൂട്ടമെത്തി. തുടര്‍ന്ന് നടത്തിയ വെടിക്കെട്ടിനും ആയിരങ്ങള്‍ സാക്ഷിയായി. ഭഗവതിമാര്‍ മടങ്ങിയതിനൊപ്പം ജനങ്ങളും മനസ്സില്ലാമനസ്സോടെ പൂരപ്പറമ്പു വിട്ടു.
Next Story

RELATED STORIES

Share it