Flash News

പൂരങ്ങളുടെ പൂരം ഇന്ന്

കെ സനൂപ്
തൃശൂര്‍: കാഴ്ചകളുടെ വര്‍ണം നിറച്ച് പൂരങ്ങളുടെ പൂരം ഇന്ന് തൃശൂര്‍ വടക്കുംനാഥന്റെ മണ്ണില്‍ പെയ്തിറങ്ങും. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനെത്തുന്നത് മുതല്‍ തുടങ്ങുന്ന ഉല്‍സവം പൂരപ്രേമികളുടെ മനം നിറച്ച് 36 മണിക്കൂര്‍ നീളും. ഘടകപൂരങ്ങളായ ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നൈതലക്കാവ് ഭഗവതിമാരും പനമുക്കുംപിള്ളി ശാസ്താവും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളി വടക്കുംനാഥനെ പ്രണമിക്കാനെത്തും.
തിരുവമ്പാടി ഭഗവതി രാവിലെ ഏഴരയ്ക്കാണ് പൂരപ്പുറപ്പാടിനിറങ്ങുക. പഴയ നടക്കാവ് നടുവില്‍ മഠത്തില്‍ പതിനൊന്നരയോടെ കോങ്ങാട് മധു തിമിലയില്‍ ആദ്യതാളമിടുന്നതോടെ മഠത്തില്‍വരവിന് തുടക്കമാവും. തിരുവമ്പാടിക്ക് മേളപ്രമാണം കിഴക്കൂട്ട് അനിയന്‍ മാരാരും പാറമേക്കാവിന്റെ പഞ്ചവാദ്യപ്രമാണം പരയ്ക്കാട് തങ്കപ്പന്‍ മാരാരുമാണ്. മഠത്തില്‍വരവിന് തിരുവമ്പാടിയുടെ ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേറ്റും. ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നള്ളും. തിടമ്പേറ്റുന്നത് പാറമേക്കാവ് ശ്രീപത്മനാഭനാണ്.
ഉച്ചയ്ക്ക് രണ്ടോടെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമാകും. രണ്ടര മണിക്കൂറോളം നീളുന്ന മേളം കൊട്ടിക്കലാശിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാരുടെ തെക്കോട്ടിറക്കം. പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നില്‍ക്കുന്നതോടെ പൂരാസ്വാദകര്‍ കാത്തിരിക്കുന്ന കുടമാറ്റം അരങ്ങേറും. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് തേക്കിന്‍കാടിന്റെ മാനത്ത് പാറമേക്കാവും തിരുവമ്പാടിയും വെടിക്കെട്ടിന്റെ വര്‍ണലോകം ചമയ്ക്കും. തുടര്‍ന്ന് രാവിലെ പകല്‍പൂരം ആരംഭിച്ച് ഉച്ചയ്ക്ക് 12ന് വടക്കുംനാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. പിന്നീട് വടക്കുംനാഥനെ വണങ്ങി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരത്തിന് സമാപനമാവുക.
ഇത്തവണ കുടമാറ്റത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള വിഐപികള്‍ എത്തുന്നതിനാല്‍ കര്‍ശന സുരക്ഷയാണ് പോലിസ് ഒരുക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it