Kerala

പൂരം പെയ്തിറങ്ങി

പൂരം പെയ്തിറങ്ങി
X
pooram_kudamattam

തൃശൂര്‍: മണ്ണിലും വിണ്ണിലും ആവേശത്തിന്റെ അലകടലുയര്‍ത്തി തൃശൂര്‍ പൂരം പെയ്തിറങ്ങി. നാദവര്‍ണങ്ങളുടെ വിസ്മയക്കാഴ്ചകളില്‍ തേക്കിന്‍കാട് മൈതാനിയിലെ പുരുഷാരം അലിഞ്ഞുചേര്‍ന്നു. ആചാരനിറവോടെ ആദ്യദേവനായി കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെയാണ് പൂരാഘോഷങ്ങള്‍ക്കു തുടക്കമായത്. പിന്നെ പത്തരമാറ്റേകി ഘടകപൂരങ്ങള്‍, നാദഗോപുരം തീര്‍ത്ത് മഠത്തില്‍വരവ്, പെരുവനത്തിന്റെ പെരുമയില്‍ ഇലഞ്ഞിത്തറമേളം, ആയിരങ്ങളെ ആവേശത്തിന്റെ വാനിലേക്കുയര്‍ത്തി കുടമാറ്റം.
രാവിലെ ഘടകപൂരങ്ങള്‍ എത്തിയതോടെ നഗരം പൂരത്തിരക്കിലമര്‍ന്നു. പനമുക്കംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നൈതലക്കാവ് എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തി. വാദ്യഗോപുരം തീര്‍ത്ത് അന്നമനട പരമേശ്വര മാരാര്‍. മേളപ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ തിരുവമ്പാടിക്കാര്‍. വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയ പുരുഷാരത്തെ താളലഹരിയിലാക്കി ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മുന്നൂറോളം കലാകാരന്മാരാണു കൊട്ടിക്കയറിയത്.
തെക്കേ ഗോപുരനടയില്‍ തിരുവമ്പാടി വിഭാഗവും അഭിമുഖമായി പാറമേക്കാവ് വിഭാഗവും 15 വീതം ആനകളെ അണിനിരത്തിയതോടെ അസ്തമയസൂര്യനെ സാക്ഷിയാക്കി വര്‍ണവിസ്മയങ്ങളുടെ കുടമാറ്റം. കുടമാറ്റത്തിന്റെ പരമ്പരാഗതരീതികള്‍ പൊളിച്ചെഴുതുന്ന പരീക്ഷണങ്ങളായിരുന്നു ഇത്തവണത്തെ സവിശേഷത. ഇതിനുശേഷം ചെറിയ വെടിക്കെട്ട്. ഇതോടെ പകല്‍പ്പൂരം അവസാനിച്ചു.
രാത്രി ചെറുപൂരങ്ങള്‍ വീണ്ടും വടക്കുന്നാഥനിലെത്തി. പുലര്‍ച്ചെ മൂന്നിന് തിരുവമ്പാടിയും പാറമേക്കാവും മല്‍സരിച്ചൊരുക്കിയ വെടിക്കെട്ടോടെ ജനസാഗരം പൂരനഗരിയോട് യാത്രപറഞ്ഞു. ഇന്ന് പകല്‍പ്പൂരത്തിനുശേഷം ഉച്ചയ്ക്ക് 12ന് ഇരുവിഭാഗങ്ങളും വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇത്തവണത്തെ പൂരത്തിന് സമാപനമാവും. [related]
Next Story

RELATED STORIES

Share it