പൂമരമായി പുരുഷാരം...

കെ സനൂപ്
തൃശൂര്‍: മേളത്തിനൊപ്പം താളമിട്ടും ആനച്ചന്തം കണ്ണിലും വിണ്ണിലുമാവാഹിച്ചും വെടിക്കെട്ടില്‍ വിസ്മയം പൂണ്ടും കനത്ത ചൂടിലും തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി തൃശൂര്‍ പൂരം പെയ്തിറങ്ങി. ആനയും വാദ്യഘോഷങ്ങളും വര്‍ണക്കുടകളും വെഞ്ചാമരങ്ങളും ചമയം ചൂടിയതോടെ ഒരു വര്‍ഷത്തെ പൂരപ്രേമികളുടെ ആവേശം പൂമരമായി. പൂരത്തെ നെഞ്ചേറ്റിയെത്തിയവരെ ആരവങ്ങളുടെ ഉണര്‍വിലേക്ക് കൊണ്ടെത്തിച്ച മഠത്തില്‍വരവ് പഞ്ചവാദ്യവും അസുരവാദ്യത്തിന്റെ താളക്കുട നിവര്‍ത്തിയ ഇലഞ്ഞിത്തറ മേളവും വര്‍ണവിസ്മയം വിടര്‍ത്തി. കുടമാറ്റവും ആവേശമായി.
രാവിലെ 7.30ന് കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങിയതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്നങ്ങോട്ട് ആനകളുടെയും മേളക്കാരുടെയും ഘോഷയാത്രകളായിരുന്നു. ഘടകപൂരങ്ങളായ ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നൈതലക്കാവ് ഭഗവതിമാരും പനമുക്കുംപിള്ളി ശാസ്താവും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളി വടക്കുംനാഥനെ പ്രണമിച്ചു മടങ്ങി.
പഴയനടക്കാവ് നടുവില്‍ മഠത്തില്‍ പതിനൊന്നരയോടെ കോങ്ങാട് മധു തിമിലയില്‍ ആദ്യതാളമിട്ടതോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍വരവിന് തുടക്കമായി. മഠത്തില്‍വരവിന് തിരുവമ്പാടിയുടെ ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേറ്റി. തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞതിനെ തുടര്‍ന്നാണ് ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേറ്റിയത്. ഉച്ചയ്ക്ക് 12ന് പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ മേളം അകമ്പടിയോടെ പാറമേക്കാവ് ഭഗവതി യുടെ തിടമ്പിലേറി ഗുരുവായൂര്‍ നന്ദന്റെ പുറത്ത് എഴുന്നള്ളിയതോടെ പൂരാവേശം അതിന്റെ പാരമ്യത്തിലേക്കുയര്‍ന്നു.
എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് രണ്ടരയോടെ വടക്കുംനാഥന്റെ ചുറ്റുമതില്‍ കടന്നതോടെ മേളപ്രേമികളുടെ ഹൃദയതാളം കൂട്ടുന്ന ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. രണ്ടരമണിക്കൂറോളം നീണ്ട മേളം കൊട്ടിക്കലാശിച്ചതോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ തെക്കോട്ടിറങ്ങി മുഖാമുഖം നിരന്നു. പിന്നാലെ കുടമാറ്റവും ആരംഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എ സി മൊയ്തീന്‍, അഡ്വ. വി എസ് സുനില്‍കുമാര്‍, പ്രഫ. സി രവീന്ദ്രനാഥ് അടക്കമുള്ള വിഐപികള്‍ പൂരം കാണാനെത്തിയതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്നു രാവിലെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുംനാഥനെ വണങ്ങി ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂര്‍ നീണ്ടുനിന്ന വിസ്മയക്കാഴ്ചകള്‍ക്കു സമാപനമാവും.
Next Story

RELATED STORIES

Share it