wayanad local

'പൂപ്പൊലി' ജനുവരി ഒന്നുമുതല്‍ അമ്പലവയലില്‍

കല്‍പ്പറ്റ: കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി ഒരുക്കുന്ന അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേള 'പൂപ്പൊലി' ജനുവരി ഒന്നുമുതല്‍ 18 വരെ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും. വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് പൂപ്പൊലി സംഘടിപ്പിക്കുന്നത്. 12 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഉദ്യാനത്തില്‍ രണ്ടായിരത്തില്‍പരം ഇനങ്ങള്‍ അടങ്ങുന്ന റോസ് ഗാര്‍ഡന്‍, ആയിരത്തിലധികം ഓര്‍ക്കിഡുകള്‍, അലങ്കാര ചെടികള്‍, ഡാലിയ ഗാര്‍ഡന്‍, ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, രാക്ഷസ രൂപം, വിവിധ തരം ശില്‍പങ്ങള്‍, കുട്ടികള്‍ക്കുള്ള ഡ്രീം ഗാര്‍ഡന്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചന്ദ്രോദ്യാനം, അകേ്വറിയം, ഫുഡ് കോര്‍ട്ട് തുടങ്ങിയവയുണ്ടാവും. കാക്‌റ്റേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, പോളിഹൗസിലെ താമരക്കുളങ്ങള്‍, പുരാവസ്തു ശേഖരം, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, പെറ്റ്‌ഷോ എന്നിവ മേളയിലെ പ്രതേ്യകതകളാണ്. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികള്‍. പൂപ്പൊലി മഹോല്‍സവത്തില്‍ ഉന്നതനിലവാരമുള്ള നടീല്‍ വസ്തുക്കളുടെയും മികച്ചയിനം വിത്തിനങ്ങളുടെയും വിപണനവും പ്രദര്‍ശനവും സജ്ജമാക്കും. കൃഷി അനുബന്ധ വകുപ്പുകള്‍, കാര്‍ഷികേതര വകുപ്പുകള്‍, പുഷ്പ-ഫല കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന ദേശീയ-അന്തര്‍ദേശീയ സംഘടനകള്‍, മികച്ച കര്‍ഷകര്‍ എന്നിവരെ ഏകോപിപ്പിച്ചുള്ള മേളകൂടിയാണ് പൂപ്പൊലി.
Next Story

RELATED STORIES

Share it