പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്: ചൗഹാന്‍ അധികാരമേറ്റു; 40 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

പൂനെ: വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി ബിജെപി സഹയാത്രികന്‍ ഗജേന്ദ്ര ചൗഹാന്‍ അധികാരമേറ്റു. ചൗഹാനെതിരേ മുദ്രാവാക്യം മുഴക്കി വഴി തടഞ്ഞ നാല്‍പതോളം വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചൗഹാന്‍ പ്രവേശിക്കുന്നത് തടയരുതെന്ന് നേരത്തേ പോലിസ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ചെണ്ടകൊട്ടിയും ഗജേന്ദ്ര ചൗഹാന്‍ തിരിച്ചുപോവുക എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും വിദ്യാര്‍ഥികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.തങ്ങളുടെ കാര്യപരിപാടി ഇവിടെ നടപ്പാക്കും എന്നായിരുന്നു അധികാരമേല്‍ക്കും മുമ്പ് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് പറഞ്ഞ മറുപടി.
രാഷ്ട്രീയ പരിഗണനയിലൂടെ നടത്തിയ ഗജേന്ദ്ര ചൗഹാന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 139 ദിവസം പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒക്ടോബര്‍ 28നാണ് സമരം പിന്‍വലിച്ചത്. ചൗഹാന്റെ സ്ഥാനാരോഹണത്തിന് പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികളും പോലിസും തമ്മില്‍ ഉന്തും തളളുമുണ്ടായി.
പോലിസ് ബലം പ്രയോഗിച്ചാണ് വിദ്യാര്‍ഥികളെ വാനില്‍ കയറ്റിയത്. സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പോലിസ് മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ചൗഹാന്‍ വിളിച്ചുകൂട്ടിയ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സൊസൈറ്റിയിലെ ബിജെപി അനുകൂല അംഗങ്ങളായ രാഹുല്‍ സൊളാപൂര്‍കര്‍, അന്‍ഘ ഗയ്‌സാസ്, സൈലേഷ് ഗുപ്ത, നരേന്ദ്രപഥക് എന്നിവര്‍ പങ്കെടുത്തു. ചൗഹാനെതിരേ സമാധാനപരമായി പ്രക്ഷോഭം തുടരാനാണ് വിദ്യാര്‍ഥികളുടെ പരിപാടി.
Next Story

RELATED STORIES

Share it