kozhikode local

പൂനൂര്‍ പുഴയ്ക്കായി കൈകോര്‍ത്ത് ബഹുജന കൂട്ടായ്മ

കോഴിക്കോട്: ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ പൂനൂര്‍പ്പുഴ സംരക്ഷിക്കുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് ചേവായൂരിന്റെ ആഭിമുഖ്യത്തില്‍ ബഹുജനകൂട്ടായ്മയായ സേവ് പൂനൂര്‍പുഴ ഫോറത്തിന് രൂപം നല്‍കി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. അനധികൃതമായ മണലൂറ്റല്‍ കാരണം പുഴയുടെ വിതാനം താഴ്ന്നു പോവുകയും സമീപത്തെ വീടുകളില്‍ കിണറുകളിലെ വെള്ളം വറ്റുന്ന അവസ്ഥയുമാണ് ഉണ്ടായത്. അശാസ്ത്രീയമായ മണലൂറ്റല്‍ കാരണം പുഴയുടെ പലഭാഗങ്ങളിലും ചെളിക്കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു.
ഇതുകാരണം മഴക്കലാത്ത് പുഴ അപകടകാരിയുമാണ്. പൂനൂര്‍പുഴയുടെ ഇരുകരകളും കെട്ടി സംരക്ഷിച്ച്, സൗന്ദര്യവല്‍ക്കരണവും ബോട്ടിങ് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പുഴ സംരക്ഷണ ഫണ്ടുകള്‍ യഥാസമയം ലഭ്യമാക്കാന്‍ ഫലപ്രദമായ ഇടപെടല്‍ അനിവാര്യമായ ഘട്ടത്തിലാണ് ബഹുജനക്കൂ്ട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് സേവ് പൂനൂര്‍പുഴ ഫോറം ഭാരവാഹികള്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ജനപ്രതിനിധികളെയും പരിസ്ഥിതിപ്രവര്‍ത്തരെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് ഈ മാസം പത്തിന് വൈകീട്ട് മൂന്നിന് ചെലവൂരില്‍ പുഴ സംരക്ഷണ റാലി നടത്തും. ചെലവൂര്‍ മിനി സ്റ്റേഡിയം ഗ്രൗണ്ടില്‍ ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സേവ് പൂനൂര്‍പുഴ ഫോറം ഭാരവാഹികളായ കെ കൃഷ്ണന്‍കുട്ടി നായര്‍, പി എച്ച് താഹ, ഇ എം രവി, ടി സി സോമരാജന്‍, കെ സി ഗോപാലകൃഷ്ണന്‍, സി സി ജോണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it