wayanad local

പൂതാടി പഞ്ചായത്ത് ബസ് സ്റ്റാന്റ് തുറക്കാന്‍ നടപടിയില്ല

കേണിച്ചിറ: പൂതാടി പഞ്ചായത്ത് ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് തുറന്നുകൊടുക്കാന്‍ നടപടിയില്ല. പഞ്ചായത്തിന് വാടകയിനത്തില്‍ ലഭിക്കേണ്ട ലക്ഷങ്ങളാണ് ഇതോടെ നഷ്ടപ്പെടുന്നത്. അധികൃതരുടെ കെടുകാര്യസ്ഥതയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറ ടൗണിന്റെ വികസനത്തിന് നാന്ദികുറിക്കുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കോടിക്കണക്കിന് രൂപ മുടക്കി പണിത കെട്ടിടം ആര്‍ക്കും ഉപകരിക്കുന്നില്ല. കോംപ്ലക്‌സില്‍ ഇരുപതോളം മുറികള്‍ വെറുതെ കിടക്കുകയാണ്. ബസ്സുകള്‍ക്ക് സ്റ്റാന്റില്‍ പ്രവേശിക്കാന്‍ പോലും സംവിധാനമുണ്ടാക്കിയില്ല. നിലവില്‍ കേണിച്ചിറ ടൗണില്‍ ബസ്സുകള്‍ റോഡരികില്‍ നിര്‍ത്തിയാണ് ആളെ കയറ്റുന്നത്. ബസ്സ്റ്റാന്റ് തുറന്നുകൊടുത്താല്‍ ടൗണിലെ ഗതാഗതക്കുരുക്കിനു പരാഹാരമാവും എന്നിരിക്കെ, ഇപ്പോഴത്തെ ഭരണസമിതി വിഷയത്തില്‍ താല്‍പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
വര്‍ഷങ്ങള്‍ക്കു മുമ്പ് യുഡിഎഫ് ഭരണസമിതി ബസ്സ്റ്റാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നീട് ഭരണമാറ്റം ഉണ്ടായി. ഇതോടെ ബസ്സ്റ്റാന്റ് തുറന്നുകൊടുക്കുന്നത് അനിശ്ചിതത്വത്തിലായി. ഇക്കാര്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it