Flash News

പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി



കൊച്ചി: കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള പാതയോരങ്ങളിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 2014 ല്‍ രണ്ടു പാതകളെയും ദേശീയപാത പദവിയില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുള്ളതായി വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.  ഇതോടെ 171 കിലോമീറ്റര്‍ വീതം ദൂരം വരുന്ന ഇരു പാതകള്‍ക്കരികിലുമുള്ള മദ്യശാലകള്‍ സുപ്രിം കോടതി ഉത്തരവിന്റെ പരിധിക്കു പുറത്തായി. ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ ദൂരത്തില്‍ മദ്യശാലകളുടെ പ്രവര്‍ത്തനം പാടില്ലെന്ന സുപ്രിംകോടതിയുടെ ഉത്തരവ് ഇവര്‍ക്ക് ബാധകമാവില്ല. സുപ്രിംകോടതി ഉത്തരവിന്റെ പേരില്‍ തങ്ങള്‍ക്ക് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നിഷേധിച്ച എക്‌സൈസ് അധികൃതരുടെ നടപടി ചോദ്യംചെയ്ത് കൊയിലാണ്ടി പാര്‍ക്ക് റെസിഡന്‍സി, തിരുവനന്തപുരം നാവായിക്കുളം ആസതിയ ഗ്രാന്റ് എന്നിവയടക്കം ഒരു കൂട്ടം ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമകള്‍ നല്‍കിയ ഹരജികളിലാണ് രണ്ട് ഉത്തരവുകളിലൂടെ കോടതിവിധി പുറപ്പെടുവിച്ചത്. ദേശീയപാതയുടെ ഓരത്തല്ല തങ്ങളുടെ സ്ഥാപനങ്ങളെന്നും വസ്തുത പരിഗണിക്കാതെ അനുമതി നിഷേധിക്കുകയാണ് എക്‌സൈസ് അധികൃതര്‍ ചെയ്തതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കേസ് പരിഗണിച്ച കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. ദേശീയപാതകളായിരുന്ന കണ്ണൂര്‍-വെങ്ങളം-കുറ്റിപ്പുറം പാത 2014 ആഗസ്ത് 14നും ചേര്‍ത്തല-ഓച്ചിറ-തിരുവനന്തപുരം പാത 2014 മാര്‍ച്ച് അഞ്ചിനും ദേശീയപാതയല്ലാതായി വിജ്ഞാപനം ചെയ്തിട്ടുള്ളതായി രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ദേശീയപാതയുടെ നിലവാരം പാലിക്കാത്ത പശ്ചാത്തലത്തിലാണ് ഇവയെ ദേശീയപാത പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. അതിനാല്‍ വിജ്ഞാപനം വന്നതു മുതല്‍ മേല്‍പറഞ്ഞ പാതകള്‍ക്ക് ദേശീയപാത പദവി നഷ്ടമായിരിക്കുകയാണ്. 2016 ഡിസംബര്‍ 15നാണ് ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് മദ്യശാലകള്‍ക്ക് ദൂരപരിധി നിശ്ചയിച്ച് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായത്. ഈ ഉത്തരവിനു മുമ്പുതന്നെ ദേശീയപാത പദവി നഷ്ടപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല- തിരുവനന്തപുരം പാതകള്‍ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്ക് ദൂരപരിധിയുടെ പേരില്‍ ലൈസന്‍സ് പുതുക്കിനല്‍കാത്ത നടപടി ന്യായീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. റോഡിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കി വേണം ബാര്‍ ലൈസന്‍സ് അപേക്ഷകളില്‍ തീരുമാനമെടുക്കാനെന്ന് മെയ് 12ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it