പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പുനല്‍കി

തിരുവനന്തപുരം: പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പുനല്‍കിയതായി പറയുന്ന ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് സിപിഎം നേതൃത്വം ഉറപ്പുനല്‍കി. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളാണ് ഉറപ്പുനല്‍കിയതെന്നും വി എസ് അച്യുതാനന്ദന്‍ കൂടി സമ്മതിച്ചാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാമെന്നും ബിജു രമേശ് ശബ്ദരേഖയില്‍ പറയുന്നുണ്ട്.
2014 ഡിസംബര്‍ 14ന് എറണാകുളത്തെ ബാര്‍ ഉടമ അസോസിയേഷന്‍ ഓഫിസില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഈ ശബ്ദരേഖ നേരത്തേ ബിജുരമേശ് വിജിലന്‍സ് കോടതിയില്‍ സമര്‍പിച്ചിരുന്നു. കോടതി വിജിലന്‍സിനു കൈമാറിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഇടയാക്കിയതും ഈ ശബ്ദരേഖയിലെ ബിജുവിന്റെ പരാമര്‍ശങ്ങളാണ്.
നമ്മള്‍ കടുപ്പിച്ച് മുന്നോട്ടുപോവുമെങ്കില്‍ അവര്‍ കൂടെനില്‍ക്കാമെന്നു പറഞ്ഞിട്ടുണ്ട്. ബാറുകള്‍ തുറക്കാമെന്നു കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പുനല്‍കി. കോടിയേരി ഇക്കാര്യം പിണറായി വിജയനുമായും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വിഎസിന്റെ സമ്മതം കൂടി വേണം. വിഎസ് കൂടി സമ്മതിച്ചാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ സഹായിക്കാമെന്നു സിപിഎം നേതാക്കള്‍ ഉറപ്പുനല്‍കിയതായി ബിജു രമേശ് അംഗങ്ങളോടു പറയുന്നതും ശബ്ദരേഖയിലുണ്ട്.
ശബ്ദരേഖയില്‍ എസ്പി ആര്‍ സുകേശനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ സര്‍ക്കാരിന് എതിരാണെന്നും ബിജു പറയുന്നു. ഈ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിജിലന്‍സ് എഡിജിപി ശങ്കര്‍ റെഡ്ഡി ശുപാര്‍ശ ചെയ്തത്.
അതേസമയം, തന്റേതായി പുറത്തുവന്നിരിക്കുന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ബിജു രമേശ് പറഞ്ഞു. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ പുറത്തുവിടുന്നതിന് ബിജു രമേശ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it