പൂജാരിക്കെതിരേ തിരച്ചില്‍ നോട്ടിസിന് സമ്മര്‍ദ്ദം

ബംഗളുരു: കര്‍ണാടകയിലെ മൂന്നു മന്ത്രിമാരെ ഭീഷണിപ്പെടുത്തിയ അധോലോക നേതാവ് രവി പൂജാരിയെ പിടികൂടാന്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്ന് പോലിസ് അറിയിച്ചു. ഹിന്ദുത്വ സംഘടനകളോട് അടുപ്പം പുലര്‍ത്തുന്ന പൂജാരി ഇപ്പോള്‍ ആസ്‌ത്രേലിയയിലാണ്. ഇന്റര്‍നെറ്റ് വഴി ഉഡുപ്പിയിലെ ടിവി ചാനലിലേക്കു വിളിച്ചാണ് പൂജാരി മന്ത്രിമാര്‍ക്കെതിരേ ഭീഷണി മുഴക്കിയത്. ഒക്‌ടോബര്‍ ഒമ്പതിന് മൂദ്ബിദ്രിയില്‍ ബജ്‌രംഗ്ദള്‍ നേതാവ് പ്രസാദ് പൂജാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ചതിനാലാണ് മന്ത്രിമാരെ ഭീഷണിപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. പ്രസാദ് പൂജാരി വധക്കേസില്‍ 10 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പൂജാരിക്കെതിരേ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്ന് പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അലോക് മോഹന്‍ പറഞ്ഞു.

2002ല്‍ രവി പൂജാരിക്കെതിരേ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദക്ഷിണ കന്നഡയിലെ കെട്ടിട നിര്‍മാതാക്കളില്‍ നിന്നും സമ്പന്നരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിടുങ്ങി എന്ന കേസിലായിരുന്നു അത്. ദാവൂദ് ഇബ്രാഹിമിന്റെ സഹായി റാഷിദ് മലബാരിക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ നാഷാദ് കാസിംജി വധത്തില്‍ രവി പൂജാരിക്കു പങ്കുണ്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു. രവി പൂജാരിയേയും കൂട്ടാളി ഖാലി യോഗേഷിനെയും അറസ്റ്റ് ചെയ്യാന്‍ പോലിസ് ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെന്ന് മുതിര്‍ന്ന ഓഫിസര്‍ പറഞ്ഞു. പ്രാദേശിക ചാനലിലേക്കു വിളിച്ച പൂജാരിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖ പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിക്ക് അയച്ചിട്ടുണ്ടെന്നും സിറ്റി പോലിസ് കമ്മീഷണര്‍ എസ് മുരുകന്‍ പറഞ്ഞു. ഒക്‌ടോബര്‍ 30നാണ് പ്രാദേശിക ചാനലായ സ്പന്ദന’ വാര്‍ത്താസംപ്രേക്ഷണത്തില്‍ പൂജാരിയുടെ ശബ്ദം പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it