Thejas Special

പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ലാഹോര്‍ ഹൈക്കോടതി

ഇസ്‌ലാമാബാദ്: പൂച്ചയുടെ മരണത്തിന് ഉത്തരവാദി മൃഗഡോക്ടറാണെന്നാരോപിച്ച് യുവതി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവ്. മൂണ്‍ എന്ന ആണ്‍പൂച്ചയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ജസ്റ്റിസ് അന്‍വാറുല്‍ ഹഖാണ് ഉത്തരവിട്ടത്.
കറാച്ചിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ച പൂച്ചയുടെ മൃതദേഹം പുറത്തെടുത്ത് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് കോടതി വിധിച്ചത്. പൂച്ചയുടെ മരണത്തിനു ഉത്തരവാദി മൃഗഡോക്ടറായ ഒവൈസ് അനീസാണെന്നാണ് യുവതി ആരോപിക്കുന്നത്. പാകിസ്താനി ശിക്ഷാ നിയമം 429 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൂച്ചയെ പരിശോധിക്കുന്നതിനായി ഇവര്‍ ഡോക്ടര്‍ക്ക് 6000 രൂപ നല്‍കി. എന്നാല്‍, ഡോക്ടര്‍ 25,000 രൂപ കൂടി ചോദിച്ചു. ഒടുവില്‍ 1000 രൂപ വരെ നല്‍കാന്‍ തയ്യാറായെങ്കിലും ഒവൈസ് പൂച്ചയെ പരിശോധിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡോക്ടര്‍ പൂച്ചയെ കൊല്ലുകയായിരുന്നുവെന്നു യുവതി ആരോപിച്ചു.
അഞ്ച് സിന്‍ടാക് കുത്തിവയ്പുകള്‍ നല്‍കിയതിനു പിന്നാലെ പൂച്ചയ്ക്കു ഡ്രിപ്പ് നല്‍കിയതോടെ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it