malappuram local

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിന് നാളെ തുടക്കം

പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ ഒമ്പത് മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ക്യാംപിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മുന്‍ കേരള ഹജ്ജ് മന്ത്രി പി കെ കുഞ്ഞാലികുട്ടി അധ്യക്ഷത വഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യര്‍ മുഖ്യാതിഥിയായിരിക്കും.
ഹജ്ജ് കര്‍മ്മ സഹായി പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലികുട്ടി മുസ്‌ല്യര്‍ നിര്‍വഹിക്കും. ഹജ്ജ് സി ഡി പ്രകാശനം പി വി അബ്ദുല്‍ വഹാബ് എം പി നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, എംഎല്‍എമാരായ പി ഉബൈദുല്ല, ടി വി ഇബ്രാഹീം, എന്‍ ശംസുദ്ധീന്‍ എന്നിവര്‍ സംബന്ധിക്കും.
പതിനായിരത്തിലധികം പേര്‍ക്ക് ക്ലാസ് ശ്രവിക്കാന്‍ കഴിയും വിധം സജ്ജീകരിച്ച വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടി വി, താല്‍ക്കാലിക ഹൗളുകള്‍, മെഡിക്കല്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഇ-ടോയ്‌ലെറ്റുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക്, ക്ലോക്ക് റൂം എന്നിവ തയ്യാറായി കഴിഞ്ഞു.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ക്ലാസ്സിന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഹാജിമാര്‍ വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള കര്‍മ്മങ്ങളുടെ വിശദമായ പഠനം, പ്രായോഗിക പരിശീലനം, ദൃശ്യ മാധ്യമ സഹായത്തോടെ പുണ്യ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളുടെ വിവരണം, സംശയ നിവാരണം എന്നിവ ക്യാംപിനെ ശ്രദ്ധേയമാക്കും.ആരോഗ്യ, യാത്രാ നിര്‍ദ്ദേശങ്ങളും പുണ്യ ഭൂമിയില്‍ പാലിക്കേണ്ട ധാര്‍മ്മിക നിര്‍ദ്ദേശങ്ങളും അന്താരാഷ്ട്ര യാത്രാ നിബന്ധനകളും ക്യാംപില്‍ വിശദീകരിക്കും.
പ്രായംചെന്ന ഹാജിമാര്‍ കൂടുതല്‍ സംബന്ധിക്കുമെന്നതിനാല്‍ പ്രത്യേക പരിശീലനം നല്‍കിയ 350 വോളന്റിയര്‍മാരെ ക്യാംപില്‍ നിയോഗിച്ചിട്ടുണ്ട്.
എന്‍ എച്ച് 213ല്‍ കോഴിക്കോട്-മലപ്പുറം റൂട്ടില്‍ പൂക്കോട്ടൂര്‍, അറവങ്കര സ്റ്റോപ്പുകളില്‍ ഇറങ്ങിയാല്‍ ക്യാംപ് സൈറ്റിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും മംഗലാപുരം, നീലഗിരി എന്നിവിടങ്ങളില്‍ നിന്നുമടക്കം 9204 പേര്‍ ക്യാംപില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2771819, 9895848826 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Next Story

RELATED STORIES

Share it