malappuram local

പൂക്കോട്ടൂര്‍ മാരിയാട് ബാങ്കില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

മഞ്ചേരി: മാരിയാടില്‍ ബാങ്കില്‍ തീപ്പിടിത്തം. പൂക്കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മാരിയാട് ശാഖക്കാണ് ഇന്നലെ തീപ്പിടിച്ചത്. ഇന്നലെ ഉച്ചക്ക് 11.45ന് ഓഫിസ് മുറിക്കകത്തുള്ള സീലിങ്ങില്‍ തീ പടര്‍ന്നതോടെയാണ് ജീവനക്കാര്‍ അറിയുന്നത്.ബാങ്കിന്റെ ബാത്ത് റൂമിനടുത്ത മെയിന്‍ സ്വിച്ച് ബോര്‍ഡില്‍ നിന്നു ആദ്യം തീപ്പൊരി ചിതറുകയും പിന്നീട് പുക നിറഞ്ഞ് കത്തുകയുമായിരുന്നു.
ജീവനക്കാരുടെ ശ്രദ്ധയിയില്‍പ്പെട്ടതോടെ ബാങ്കിനകത്തെ പ്രധാനപ്പെട്ട ഫയലുകള്‍ ഉള്‍പ്പെടെയുള്ളവയുമായി പുറത്തേക്ക് ഓടി. എന്നാല്‍ ഇതിനിടെ ഓഫിസിലെ ഏഴ് കംപ്യുട്ടറുകള്‍, രണ്ട് പ്രിന്റര്‍, രണ്ട് എസി, കറന്‍സി കൗണ്ടിങ് മെഷീന്‍ തുടങ്ങിയവയും ഫര്‍ണിച്ചറുകളും പുര്‍ണമായും കത്തിനശിച്ചു. പതിനഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ലോക്കറിനും സ്‌ട്രോങ് റൂമിനും തകരാറുണ്ടായില്ല.ഷോട്ട്‌സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമായത്. ബാങ്കില്‍ പ്രാഥമിക അഗ്‌നി ശമന സംവിധാനമുണ്ടായിരുന്നെങ്കില്‍ നാശനഷ്ടം കുറക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മലപ്പുറം ഫയര്‍ഫോഴ്‌സിന്റെ രണ്ട് യുനിറ്റ് ഒന്നര മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിനു ശേഷമാണ് തീകെടുത്തിയത്. സ്റ്റേഷന്‍ ഓഫിസര്‍ സി ബാബുരാജ്, അസി. സ്റ്റേഷന്‍ മാസ്റ്റര്‍ പിടി ഉമ്മര്‍, ലീഡിംങ് ഫയര്‍മാന്‍ അബ്ദുല്‍ കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ടു വര്‍ഷം മുമ്പാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. 1200 സ്‌ക്വയര്‍ ഫീറ്റിലുള്ള ബാങ്കിന് ഏകദേശം 680 ഇടപാടുകാരാണുള്ളത്. അറവങ്കരയില്‍ മറ്റൊരു ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it