malappuram local

പൂക്കോട്ടൂരില്‍ ഗെയില്‍ സര്‍വേക്കെത്തിയ സംഘത്തെ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു



മലപ്പുറം: കൊച്ചി -മംഗലാപുരം നിര്‍ദിഷ്ട ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേക്കായി പൂക്കോട്ടൂരിലെത്തിയ സംഘത്തെ ഗെയില്‍ വിരുദ്ധ സമരസിമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. പൂക്കോട്ടൂര്‍ പിലാക്കലില്‍ രാവിലെ ഒന്‍പതോടെയാണ് ഗെയില്‍ സംഘം ആദ്യമെത്തിയത്. ഇവിടെ നാട്ടുകാര്‍ ഒരുമിച്ചതോടെ സര്‍ലേ സംഘം പൂക്കോട്ടൂരിലെ തന്നെ പള്ളിമുക്കിലെക്ക് വഴിമാറുകയായിരുന്നു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹത്തോടെയാണ് ഗെയില്‍ സര്‍വേ സംഘം സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ഗെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ജനപ്രതിനിധികളടക്കം നൂറുകണക്കിന് നാട്ടുകാര്‍ സംഘത്തെ റോഡില്‍ തടഞ്ഞുവച്ചു.സര്‍വേയുമായി മുന്നോട്ടുപോവാന്‍ വഴിയൊരുക്കണമെന്ന് ഗെയില്‍ സംഘം അറിയിച്ചതോടെ സമരക്കാര്‍ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ ജാഫര്‍ മാലിക്ക് സമരസമിതിയിലെ മൂന്നു പോരോട് മാത്രം സംസാരിക്കാമെന്ന് പറഞ്ഞു. ഇത് സമരസമിതിയംഗങ്ങള്‍ അംഗീകരിച്ചില്ല. പൊതുജനത്തിന്റെ ജീവന്റെ സുരക്ഷ മുന്‍നിര്‍ത്തി മാത്രമാണ് ഈ സമരമെന്നും ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചതോടെ പോലിസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവുമായി. സമരസിമിതി ഉന്നയിച്ച ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ സബ്കലക്ടര്‍ക്കും ഗെയില്‍ അധികൃതര്‍ക്കും സാധിച്ചില്ല. പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ താന്‍ കണ്ടിട്ടില്ലെന്ന് സബ് കലക്ടര്‍ സമരക്കാരോട് പറഞ്ഞതോടെ നാട്ടുക്കാരുടെ പ്രതിഷേധം ശക്തമാക്കി. മഞ്ചേരി, മലപ്പുറം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. സമരസിമിതിയംഗങ്ങള്‍ സര്‍വേ സംഘത്തെ മുന്നോട്ടുപോവാന്‍ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിച്ചതോടെ സബ്കലക്ടറുടെ നിര്‍ദേശ പ്രകാരം സമരക്കാരെ റോഡിലൂടെ വലിച്ചഴിച്ചാണ് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ജനപ്രതിനിധികളെയടക്കം 27 പേരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന, പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഉപാധ്യക്ഷന്‍ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, സ്ഥിരംസമിതി അധ്യക്ഷന്‍ വി യൂസുഫ് ഹാജി, അംഗങ്ങളായ പനക്കല്‍ ഗോപാലന്‍, റബീഹ് എന്ന മാനു എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് പിലാക്കലില്‍ ദേശീയപാത ഉപരോധിക്കാന്‍ ജനകീയ സമരസമിതി തീരുമാനിച്ചു.പൂക്കോട്ടൂര്‍ വില്ലേജില്‍ മാത്രം നിരവധി ആരാധനാലയങ്ങള്‍ ഉള്‍പ്പടെ നൂറുകണക്കിന് വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമിടയിലൂടെയുമാണ് വാതക പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത്. മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്ന വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരേ വരും ദിവസങ്ങളില്‍ ശക്തമായ പ്രഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it