malappuram local

പൂക്കോട്ടുംപാടത്തെ സംഘര്‍ഷഭരിതമാക്കാന്‍ പ്രകോപന പ്രഭാഷണവുമായി ശശികല



നിലമ്പൂര്‍: വില്ല്വത്ത് ക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പൂക്കോട്ടുംപാടത്ത് വീണ്ടും സംഘര്‍ഷഭരിതമാക്കാന്‍ ശശികലയുടെ പ്രകോപന പ്രസംഗം. രണ്ടുദിവസം മുമ്പ് നടന്ന ശാന്തിയാത്രയും പൊതുയോഗവും ഇവിടെ സൗഹാര്‍ദാന്തരീക്ഷം ഉണ്ടാക്കിയിരുന്നു. അതിനിടയിലാണ് ജനങ്ങളെ തമ്മിലകറ്റാനുള്ള പുതിയ വിദ്യയുമായി സംഘപരിവാര്‍ വീണ്ടും രംഗത്തെത്തിയത്. വില്ല്വത്ത് ക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് ശശികല അത്യന്തം പ്രകോപനപരമായ തന്റെ സ്ഥിരം ശൈലിയില്‍ പ്രസംഗിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തില്‍ ഒരു പ്രത്യേക സമുദായത്തെ ശത്രുവായി അവതരിപ്പിച്ച് ഏറെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വനിതാ നേതാവിന്റെ സംസാരം. ക്ഷേത്രം ആക്രമണ കേസിലെ പ്രതി മോഹന കുമാര്‍ വാടകയ്ക്ക് താമസിച്ചിരുന്നത് മമ്പാട് ഒരു മുസ്‌ലിം പേരുള്ള ആളുടെ വീട്ടിലായതിനാല്‍ അന്വേഷണം  ആ രീതിയില്‍ നടത്തണമെന്നും പോലിസ് ആരെയോ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പോലിസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന ആഭ്യന്തര വകപ്പിന്റെ അന്വേഷണം നേര്‍വഴിയിലല്ലെങ്കില്‍ തങ്ങള്‍ കേന്ദ്രത്തിനെ കൊണ്ട് അന്വേഷണം നടത്തിക്കുമെന്നും ശശികല വെല്ലുവിളിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അമ്പലത്തിലെ പ്രതിഷ്ടകള്‍ മോഹനകുമാര്‍ നശിപ്പിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ സമീപ പ്രദേശങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടത്തെത്തി പ്രകടനങ്ങളും മറ്റ് പ്രതിഷേധ പരിപാടികളും നടത്തി നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ പഴിചാരി വന്‍ കുപ്രചാരണങ്ങളും നടന്നു. ശനിയാഴ്ച വൈകീട്ട് ശശികല ഇവിടെയെത്തി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. പക്ഷേ, അതിനിടയില്‍ പ്രതി പോലിസ് വലയിലാവുകയും പേര് ഹിന്ദു സമുദായത്തില്‍പ്പെട്ടതാണെന്ന പ്രചാരണവും ഉണ്ടായി. അതോടെ ഇവര്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. പിന്നീട് ശനിയാഴ്ച വൈകീട്ട് നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുകയും നാട്ടില്‍ സമാധാനം ഉണ്ടാക്കുന്നതിന്  സര്‍വവിധ പിന്തുണയും വാഗ്ദാനം ചെയ്തു. എന്നാല്‍, രണ്ട് ദിവസം കഴിഞ്ഞ് എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പൂക്കോട്ടുംപാടത്ത് നടത്തിയ ശാന്തിയാത്രയില്‍ നിന്നും അതോടനുബന്ധിച്ച് നടന്ന യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗവും ഏറെ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ ഒരു സമുദായത്തെ ഉന്നംവച്ചാണ് സംസാരിച്ചത്.    അതിനിടയില്‍ പ്രതിയെ മാനസിക രോഗിയാക്കി കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് വിവരം.
Next Story

RELATED STORIES

Share it