Flash News

പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രം തകര്‍ത്തയാള്‍ പിടിയില്‍;ആക്രമണം ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെയെന്ന് പ്രതി

പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രം തകര്‍ത്തയാള്‍ പിടിയില്‍;ആക്രമണം ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെയെന്ന് പ്രതി
X


നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തിലെ പ്രതി പിടിയില്‍. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയാണ് പിടിയിലായത്. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും ബിംബാരാധനക്കും എതിരെയാണ് താന്‍ ആക്രമണം നടത്തിയത് എന്ന് ഇയാള്‍ മൊഴി നല്‍കിയതായി പോലീസ്‌ പറഞ്ഞു. മുന്‍പ് വാണിയമ്പലം ബാണാപുരം ക്ഷേത്രത്തില്‍ അക്രമം നടത്തിയതും താന്‍ തന്നെയാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങള്‍ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. രാവിലെ  പൂജാരിയാണ് സംഭവം കാണുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ സംഘപരിവാര സംഘടനകള്‍ പൂക്കോട്ടുംപാടത്ത് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ സംയമനം പാലിച്ചതു കാരണം അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഭവമറിഞ്ഞ് ക്ഷേത്രത്തിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനോട് ചിലര്‍ അപമര്യാദയായി പെരുമാറിയതും പ്രശ്‌നം വഷളാക്കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ കക്ഷി സമാധാനയോഗം അലങ്കോലമായി. പിന്നീട് പി വി അന്‍വര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. ബിജെപി ജില്ലാ ഭാരവാഹികള്‍ അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഇതില്‍ പങ്കെടുത്തു. അതിക്രമത്തിന്റെ മറവില്‍ ആരെയും മുതലെടുക്കാന്‍ അനുവദിക്കരുതെന്ന് സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനോട് ക്ഷേത്രത്തില്‍ നിന്ന് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഭാരവാഹികള്‍ ഖേദംപ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it