Flash News

പുസ്തക നിരോധനത്തിനെതിരേ തമിഴ് എഴുത്തുകാരന്‍ കോടതിയില്‍



ചെന്നൈ: പുസ്തകം നിരോധിച്ച സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. “മധുരൈ വീരന്‍ ഉണ്‍മൈ വരളര്‍’ (മധുരൈ വീരന്റെ യഥാര്‍ഥ ചരിത്രം) എന്ന പുസ്തകത്തിന്റെ രചയിതാവ് കുളന്തൈ രാജ് ആണ് തന്റെ പുസ്തകത്തിന്റെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ആറാഴ്ചയ്ക്കകം ആഭ്യന്തര സെക്രട്ടറി പ്രതികരണം അറിയിക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് എം ദൊരൈ സ്വാമി നിര്‍ദേശിച്ചു. പുസ്തകത്തില്‍ ചില സമുദായങ്ങളെ കുറിച്ച് മോശം പരാമര്‍ശങ്ങളുണ്ടെന്നും അത് സമൂഹത്തില്‍ ശത്രുതയ്ക്കും വര്‍ഗീയതയ്ക്കും കാരണമാവുമെന്നുമാരോപിച്ചായിരുന്നു 2015ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുസ്തകം നിരോധിച്ചത്. എന്നാല്‍, പുസ്തകത്തില്‍ ചരിത്ര ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വിവരങ്ങളാണെന്നും മറ്റു സമുദായങ്ങളെ അധിക്ഷേപിക്കുന്നവിധം യാതൊന്നും ഇല്ലെന്നും കുളന്തൈ രാജ് പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ആദി തമിഴര്‍ പേരവൈ എന്ന പ്രസാധകര്‍, ഈ പുസ്തകത്തിന്റെ 2000 കോപ്പികള്‍ പ്രസിദ്ധീകരിച്ച് വിറ്റിരുന്നു. ഇതിനു ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് വന്നത്. നിരോധനം റദ്ദാക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും പ്രകാശനം ചെയ്യാനും അനുവദിക്കണമെന്നും കുളന്തൈ രാജ് ഹരജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it