ernakulam local

പുസ്തകോല്‍സവത്തിന്റെ മറവില്‍ ഹിന്ദുത്വ പ്രചാരണം

കൊച്ചി: എറണാകുളത്തപ്പന്‍ മൈതാനത്തെ കൊച്ചി അന്താരാഷ്ട്രപുസ്തകോല്‍സവത്തിനു മറവില്‍ നടക്കുന്നത് ഹിന്ദുത്വ പ്രചാരണം. കലൂര്‍ കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്താരാഷ്ട്ര പുസ്തകോല്‍സവസമിതിയാണ് പുസ്തകോല്‍സവം സംഘടിപ്പിക്കുന്നത്. കലൂരില്‍ സംഘപരിവാര പ്രകാശനസ്ഥാപനമായ കുരുക്ഷേത്ര പ്രകാശന്‍ ഓഫിസിലാണ് പുസ്തകോല്‍സവസമിതി ഓഫിസ്.
സംഘപരിവാര നേതാക്കളും സഹയാത്രികരുമാണ് സമിതിയില്‍ സിംഹഭാഗവും. മുതിര്‍ന്ന സംഘപരിവാര പ്രവര്‍ത്തകന്‍ കെ രാധാകൃഷ്ണന്‍ ആണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. വിഎച്ച്പി സംസ്ഥാന നേതാവും കുരുക്ഷേത്ര പ്രകാശന്‍ ജനറല്‍ മാനേജരുമായ ഇ എന്‍ നന്ദകുമാറാണ് പുസ്തകോല്‍സവം സെക്രട്ടറിയും മുഖ്യസംഘാടകനും.
സമിതി രക്ഷാധികാരിമാരില്‍ മന്ത്രിമാരായ കെ ബാബു, കെ സി ജോസഫ്, എം പി കെ വി തോമസ്, എംഎല്‍എ ഹൈബി ഈഡന്‍, ജില്ലാ കലക്ടര്‍ രാജമാണിക്യം എന്നിവരോടൊപ്പം മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം തലവനുമായ പി പരമേശ്വരനുമുണ്ട്. അന്താരാഷ്ട്രപുസ്തകോല്‍സവം എന്ന പേരുപയോഗിച്ചാണ് മന്ത്രിമാരെയും ജനപ്രതിനിധികളുടേയും മറ്റു സാംസ്‌കാരികപ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ കാര്യവാഹക് രാജേഷ് ചന്ദ്രന്‍ സമിതി സെക്രട്ടറിയാണ്. മുതിര്‍ന്ന സംഘപരിവാര ചിന്തകനും ജന്മഭൂമി മുന്‍ പത്രാധിപനുമായിരുന്ന കെവിഎസ് ഹരിദാസും സമിതിയിലുണ്ട്. ആര്‍എസ്എസ് സംഘടനയായ ഹിന്ദു എക്കണോമിക് ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റ് വി എസ് പ്രദീപും സെക്രട്ടറി പി രാമകൃഷ്ണനും പ്രോഗ്രാം കമ്മിറ്റിയിലുണ്ട്. ആര്‍എസ്എസിന്റെയും പോഷകസംഘടനകളായ കേരള അഭിഭാഷക പരിഷത്, സ്വദേശി ശാസ്ത്രപ്രസ്ഥാനം, ഹിന്ദു എക്കണോമിക് ഫോറം തുടങ്ങിയവയിലെ കൊച്ചി നഗരത്തിലെ പ്രവര്‍ത്തകരും, സംഘപരിവാര സഹയാത്രികരായ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് സമിതിയില്‍ അധികവും.
പരിപാടിയില്‍ പങ്കെടുക്കുന്ന പ്രസാധകരിലും സംഘപരിവാര അതിപ്രസരമാണ്. കുരുക്ഷേത്ര പ്രകാശന്‍, സേവാഭാരതി, വിശ്വസംവാദകേന്ദ്ര, ജന്മഭൂമി, ഭാരതീയ വിദ്യാഭവന്‍ തുടങ്ങിയ സംഘപരിവാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് അധികവും. രാമകൃഷ്ണബുക്‌സ്, വിവേകാനന്ദ മിഷന്‍, ഗീതാ പ്രസ് ഗൊരഖ്പൂര്‍, ചൗകണ്‍ വരണാസി, നന്മ പബ്ലിക്കേഷന്‍സ് തുടങ്ങിയ സ്റ്റാളുകളും ഉണ്ട്.
പുസ്തകോല്‍സവവുമായി ബന്ധപ്പെട്ടു നടത്തുന്ന സാംസ്‌കാരിക പരിപാടികളിലും സംഘപരിവാര നേതാക്കളുടെ നിര തന്നെയുണ്ട്. പുസ്തകോല്‍സവത്തിന്റെ സ്വാഗതസംഘം രൂപീകരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയത് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ് ആണ്. പുസ്തകോല്‍സവവുമായി ബന്ധപ്പെട്ട് നടന്ന എഴുത്തിന്റെ സ്വാതന്ത്ര്യം എന്ന ചര്‍ച്ചയില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍ ഹരിയായിരുന്നു മുഖ്യപ്രഭാഷകന്‍.
പുസ്തകോല്‍സവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ജസംഘം നേതാവും ആര്‍എസ്എസ് താത്വികാചാര്യനുമായ ദീനദയാല്‍ ഉപാധ്യക്ഷ അനുസ്മരണപരിപാടിയും സംഘടിപ്പിച്ചിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ ആയിരുന്നു മുഖ്യപ്രഭാഷണം. പുസതകോല്‍സവം അഞ്ചാം ദിനം നടന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ വി പി രാമചന്ദ്രനെ ആദരിക്കുന്ന ചടങ്ങിലും ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ് പങ്കെടുത്തു. കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കേന്ദ്ര പരസ്യദൃശ്യപ്രചരണ വിഭാഗത്തിന്റെ കീഴില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് 90 ഫഌക്‌സ് ബോര്‍ഡുകളുള്ള പ്രദര്‍ശനവും മേളയിലുണ്ട്.
ഇസ്‌ലാമിക പ്രസാധകര്‍ ഒന്നുമില്ലാത്ത മേളയില്‍ മുസ്‌ലിംകളില്‍പ്പെടാത്ത അഹമ്മദിയ്യാ മുസ്‌ലിം ജമാഅത്തിന് സ്റ്റാള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ അഹമ്മദിയ്യാ വിഭാഗത്തിന്റെ രണ്ട് സ്റ്റാളുകള്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it